റാഫേൽ അഴിമതി; ഫ്രാൻസിൽ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

single-img
3 July 2021

ഇന്ത്യയില്‍ ഒരു സമയം വലിയ രാഷ്ട്രീയ വിവാദമാകുകയും പിന്നീട് സുപ്രീം കോടതി തള്ളി കളയുകയും ചെയ്ത റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു. സാധാരണ ഉള്ളതിലും കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളില്‍ ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള പ്രമുഖ മാധ്യമമായ ‘മീഡിയപാര്‍ട്ട്’ ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഫ്രാന്‍സില്‍ നടത്തുന്ന അന്വേഷണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയാല്‍ ഇടയില്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങളുയരും. മുന്‍ ഫ്രഞ്ച് പ്രസിഡന്റായിരന്ന ഫ്രാന്‍സ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അവെഷണത്തില്‍ പരിശോധിക്കും.

അഴിമതി, സ്വാധീനം ചെലുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്വജനപക്ഷപാതം എന്നിവ നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍. ഇന്ത്യ ഫ്രാന്‍സില്‍ നിന്നും 56000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നെങ്കിലും ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്‌. യു പി എ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് വില 715 കോടി രൂപയായിരുന്നത് പിന്നീട് എന്‍ ഡി എ ഭരണകാലത്ത് 1,600 കോടി രൂപയായി വര്‍ദ്ധിപ്പിച്ചെന്നായിരുന്നു പ്രധാന ആരോപണം.