ഹൈക്കോടതിയിൽ കേസ് ജയിക്കാൻ വിചിത്ര നടപടി; ലക്ഷദ്വീപിൽ ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടറാക്കി കൊണ്ട് ഉത്തരവ്

single-img
1 July 2021

ലക്ഷദ്വീപിലെ തീരദേശത്തെ വീടുകൾ പൊളിക്കാനുള്ള കവരത്തി ബി ഡി ഒ യുടെ നോട്ടീസിനെ ചോദ്യം ചെയ്ത് നാട്ടുകാർ ഹൈക്കോടതിയിൽ എത്തിയപ്പോൾ കേസ് ജയിക്കാൻ വിചിത്ര അടപടിയുമായി ദ്വീപ് ഭരണകൂടം. പ്രസ്തുത ഉത്തരവിറക്കാൻ ബി ഡി ഒ മാർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി . എന്നാൽ ഇതിനെ മറികടക്കാൻ ദ്വീപിലെ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറെയാണ് ഡെപ്യൂട്ടി കളക്ടറുടെ അധികാരം നൽകി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.

കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ മൂലം വീടുകൾ പൊളിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവിറങ്ങിയിരുന്നു. പിന്നാലെയാണ് ഇത്തരത്തിൽ കവരത്തിയിൽ നാടകീയ സംഭവങ്ങൾ നടന്നത് . നിലവിൽ .കവരത്തിയിലെ ബി ഡി ഒ യെയാണ് ഒറ്റ രാത്രി കൊണ്ട് ഡെപ്യൂട്ടി കളക്ടർ ആക്കി മാറ്റി ഉത്തരവിറക്കിയത്. സമാനമായി മറ്റുള്ള ജില്ലകളിലെ ബി ഡി ഒ മാർക്കും അധിക ചുമതല ഉടൻ നൽകുമെന്നാണ് സൂചന.

ജൂൺ മാസത്തിൽ ദ്വീപിലെ പുതിയ പരിഷ്കാര നടപടികളുടെ ഭാഗമായി സബ് ഡിവിഷണൽ ഓഫീസർമാരായ ഇരുന്നവരെ ബി ഡി ഒ മാരാക്കി ഗ്രേഡ് താഴ്ത്തിയിരുന്നു. ഈ നിയമക്കുരുക്ക് മറികടക്കാനാണ് ഇപ്പോൾ അധിക ചുമതല നൽകിയിരിക്കുന്നത്. ദ്വീപിലെ ഭൂവിനിയോഗവും ആയി ബന്ധപ്പെട്ട 1965 നിലവിൽവന്ന നിയമവും വേലിയേറ്റ പരിധിയിൽ നിർമ്മാണം വിലക്കുന്ന 2015 ലെ നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കവരത്തിയിലെ ഭൂവുടമകൾക്ക് ബി ഡി ഒ നോട്ടീസ് നൽകിയത്.