വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ്; പിൻവലിച്ച മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധിതമാക്കി ഇസ്രായേൽ

single-img
25 June 2021

വാക്സിനേഷന് ശേഷമുള്ള ഇടവേളയ്ക്ക് പിന്നാലെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാൻ തുടങ്ങിയ സാഹചര്യത്തിൽ മാസ്ക് ധാരണം വീണ്ടും നിർബന്ധിതമാക്കി ഇസ്രായേൽ. മാസ്ക് ധരിക്കാനുള്ള പിൻവലിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർക്ക് വീണ്ടും കർശന നടപടികൾ സ്വീകരിക്കേണ്ടി വന്നത്.

നിലവില്‍ ആശങ്ക ഉയര്‍ത്തി തുടർച്ചയായി പ്രതിദിനം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതേസമയം, ജൂണ്‍ മാസത്തിലെ തുടക്കത്തിൽ ആർക്കും രോഗബാധ സ്ഥിരീകരിക്കാത്ത ദിവസങ്ങൾ രാജ്യത്ത് ഉണ്ടായിരുന്നു. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ഡെൽറ്റ വകഭേദമാണ് ഇപ്പോഴത്തെ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമെന്ന് കരുതപ്പെടുന്നു.

ലോക രാജ്യങ്ങളില്‍ തന്നെ മാതൃകാപരമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. അതിവേഗത്തില്‍ നടപ്പാക്കിയ വാക്സിനേഷൻ പദ്ധതിയിലൂടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ഭാഗികമോ പൂർണമോ ആയ രോഗപ്രതിരോധ ശേഷി ഉറപ്പു വരുത്താൻ കഴിഞ്ഞിരുന്നു. നേരത്തെ പുറപ്പെടുവിച്ച മാസ്ക് ധരിക്കുക എന്ന നിബന്ധന പിൻവലിച്ച് 10 ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ആളുകൾ മാസ്ക് ധരിക്കണമെന്ന നിയന്ത്രണം ഇസ്രായേൽ ഭരണകൂടം വീണ്ടും ഏർപ്പെടുത്തിയത്.

കോവിഡ് വൈറസ് ബാധിച്ച കേസുകളുടെ ആശങ്കാ ജനകമായ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഇസ്രായേലിലെ കോവിഡ് റെസ്പോൺസ് ടീമിന്റെ തലവനായ നച്മാൻ ആഷ് അറിയിക്കുന്നു. ഇതോടൊപ്പം കോവിഡ് വാക്സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി നൽകാനുള്ള തീരുമാനം ഒരു മാസത്തേക്ക് നീട്ടിവെയ്ക്കാനും ഇസ്രായേൽ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.