ആര്‍എസ്എസ് അജണ്ടയിലൂടെ ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: എ വിജയരാഘവന്‍

single-img
10 June 2021

ലക്ഷദ്വീപിനെ പൂർണ്ണമായി കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവൻ. ആര്‍എസ്എസ് അജണ്ട നടപ്പാക്കി ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം എറണാകുളം വില്ലിങ്ടണ്‍ ഐലന്‍ഡ് ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ നടത്തിയ എല്‍ഡിഎഫ് എംപിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ഇപ്പോൾ ലക്ഷദ്വീപിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ദ്വീപിലെ എല്ലാ ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. അവരുടെ മതേതരത്വവും ജനാധിപത്യപരവുമായ എല്ലാ അവകാശങ്ങളും ചവിട്ടി മെതിയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ കെ പട്ടേലിനെ അടിയന്തിരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾക്ക് ദ്വീപിലേക്ക് അധികൃതർ യാത്രാനുമതി നിഷേധിച്ചത് രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തെ അവഹേളിക്കലാണെന്നും അതിനെതിരെ ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ ഉയരുമെന്നും ധര്‍ണയില്‍ പങ്കെടുത്ത എംപിമാര്‍ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു.സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എംപി.മാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, എ എം ആരിഫ്, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, സിപിഎം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് പ്രസംഗിച്ചു.