കെ സുരേന്ദ്രനുമായുള്ള സംഭാഷണം വ്യാജമെങ്കില്‍ കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് പ്രസീത, ആരോപണം മാത്രമെന്ന് കെ സുരേന്ദ്രന്‍

single-img
3 June 2021

സി.കെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയതിന് തെളിവായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ട്രഷറര്‍ പ്രസീത അഴീക്കോട്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് സുരേന്ദ്രന്‍ പണം കൈമാറിയതെന്നും പ്രസീത പ്രതികരിച്ചു. ശബ്ദരേഖയുടെ പേരില്‍ സി.കെ ജാനുവിനെ അവഹേളിക്കുകയാണെന്ന സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, ശബ്ദരേഖ വ്യാജമെങ്കില്‍ കേസ് കൊടുക്കണമെന്ന് പ്രസീത വെല്ലുവിളിച്ചത്. സി.കെ ജാനുവിനെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ പണം നല്‍കി എന്ന ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.

ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും പ്രസീത പറഞ്ഞു. സി കെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.

അതേ സമയം സി. കെ ജാനുവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ജാനുവുമായി ഒരു പണമിടപാടുമില്ല. ജാനു പണം ആവശ്യപ്പെട്ട് വിളിക്കുകയോ, പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോ ഒരാളുടെ ശബ്ദരേഖയുടെ പേരില്‍ ജാനുവിനെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബ്ദരേഖയുടെ ആധികാരികത മാധ്യമങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.