45 വയസില്‍ താഴെയുളളവര്‍ക്കുള്ള വാക്‌സിൻ നയത്തിൽ വീണ്ടും മാറ്റവുമായി കേന്ദ്രം

single-img
24 May 2021

വാക്‌സിന്‍ നയത്തില്‍ വീണ്ടും മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാരിന്റെ കീഴിലുള്ള വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ.

അതേസമയം, വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി എന്നാണ് വിശദീകരണം. നിലവില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്. ഇത്തരത്തില്‍ ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പുതുക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്‌ത് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. രാജ്യത്തെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസർക്കാർ അറിയിപ്പില്‍ പറയുന്നു.