സുപ്രീം കോടതിയില്‍ പകുതിയിലധികം ജീവനക്കാര്‍ക്കും കോവിഡ്; ഇന്നുമുതൽ വാദം കേൾക്കൽ വിഡിയോ കോൺഫറൻസിലൂടെ

single-img
12 April 2021

സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി. അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. കോടതി ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.

കോവിഡ് മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ ജഡ്ജിമാർ വീട്ടിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി വാദം കേൾക്കുമെന്ന് അറിയിച്ചു. കോടതി പരിസരവും മുറികളും ശുചീകരിച്ചതായും കോടതി വൃത്തങ്ങൾ വ്യക്തമാക്കി. നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ താമസിച്ചാകും വിവിധ ബെഞ്ചുകൾ ചേരുക. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കോവിഡിന്‍റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോൾ. ഒരാഴ്ചക്കുള്ളിൽ 10 ലക്ഷത്തിലേറെ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ഞായറാഴ്ച മാത്രം 1,52,879 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. മഹാമാരി മൂലം മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്​. ഞായറാഴ്ച 839 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. അഞ്ച്​ മാസത്തിനിടെയുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്​