ട്രെയിനുകളിലെ രാത്രികാല ചാര്‍ജിങ്ങിന് കര്‍ശന വിലക്കേര്‍പ്പെടുത്തി
ട്രെയിനുകളിലെ എസി കോച്ചുകളില്‍ രാത്രി കാലങ്ങളിൽ മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്നാണ് നിര്‍ദേശം.
തീപ്പിടിത്ത സാധ്യത മുൻനിർത്തിയാണ് നടപടി.രാത്രി ചാര്‍ജ് ചെയ്യാനിടുന്ന മൊബൈലും ലാപ്ടോപ്പും മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രികളില്‍ ചാര്‍ജിങ്ങിന് വിലക്കേര്‍പ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി ട്രെയിനുകളില്‍ ചാര്‍ജിങ് പോയിന്റുകള്‍ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്.
മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യം സര്‍ക്കുലര്‍ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
രാത്രിയില്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. ചാര്‍ജിങ് പോയിന്റുകള്‍ രാത്രി ഓഫാക്കിയിടുന്നതോടെ ഇതിനും പരിഹാരമാകും.