ധോണിയും കോലിയുമില്ലാതെ ഏകദിന ഓള്‍ടൈം ലോകകപ്പ് ഇലവന്‍ പ്രഖ്യാപിച്ച് വിസ്ഡണ്‍

single-img
15 March 2021

ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ളതിൽ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വിസ്ഡണ്‍. ഇതിലാവട്ടെ ഇന്ത്യയില്‍ നിന്നും രണ്ടു കളിക്കാര്‍ മാത്രമേ ഇലവനിലെത്തിയുള്ളൂ. ഏറ്റവും കൂടുതല്‍ കളിക്കാരുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ് (മൂന്ന്).

ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും രണ്ടും പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ എംഎസ് ധോണി തഴയപ്പെട്ടുവെന്നതാണ് ഇലവനിലെ ആദ്യ സര്‍പ്രൈസ്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും ഒഴിവാക്കപ്പെട്ടു.

നേരത്തേ വിസ്ഡണ്‍ ടി20 ലോകകപ്പിലെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ ഓപ്പണറായ രോഹിത് ശര്‍മയുമാണ് വിസ്ഡണിന്റെ ഇലവനില്‍ ഇടംപിടിച്ച ഇന്ത്യയുടെ രണ്ടു താരങ്ങള്‍. ടീമിന്റെ ഓപ്പണര്‍മാരും ഇവര്‍ തന്നെയാണ്.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ റിക്കി പോണ്ടിങാണ് ഇലവനെ നയിക്കുന്നത്. പേസ് വിസ്മയം ഗ്ലെന്‍ മഗ്രാത്ത്, ഇപ്പോൾ ടീമിന്റെ ഭാഗമായ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസ്‌ട്രേലിയയില്‍ നിന്നും ഇലവനിലെത്തിയ മറ്റു കളിക്കാര്‍. ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാരയാണ് ധോണി, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെയെല്ലാം പിന്തള്ളി ഇലവന്റെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്.

ലങ്കൻ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് സങ്കക്കാരയെക്കൂടാതെ ലങ്കയില്‍ നിന്നും ഇലവനിലെത്തിയ മറ്റൊരു താരം. ദക്ഷിണാഫ്രിക്കയില്‍ നിന്നും മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന എബി ഡിവില്ലിയേഴ്‌സും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറുമാണ് ലോക ഇലവനില്‍ ഇടംപിടിച്ചത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും മുന്‍ ബാറ്റിങ് രാജാവ് വിവിയന്‍ റിച്ചാര്‍ഡ്‌സും പാകിസ്താനില്‍ നിന്നും മുന്‍ പേസ് വിസ്മയം വസീം അക്രവും തിരഞ്ഞെടുക്കപ്പെട്ടു.

ഏകദിനത്തിലെ ഓള്‍ടൈം ലോകകപ്പ് ഇലവന്‍ ഇവരാണ്:

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), രോഹിത് ശര്‍മ (ഇന്ത്യ), റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍, ഓസ്‌ട്രേലിയ), കുമാര്‍ സങ്കക്കാര (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ലാന്‍സ് ക്ലൂസ്‌നര്‍ (ദക്ഷിണാഫ്രിക്ക), വസീം അക്രം (പാകിസ്താന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക).