ലീഗിന്റെ സ്ഥാനാര്ത്ഥിപട്ടികാ പ്രഖ്യാപനം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി വികെ ഇബ്രാഹിംകുഞ്ഞ്


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. ഇതേവരെ ലീഗ് തനിക്ക് നല്കിയ അവസരങ്ങളെക്കുറിച്ച് വിവരിക്കവെ കരഞ്ഞുകൊണ്ടായിരുന്നു ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ചത്.
‘നാല് തവണ എംഎല്‍എ ആവാനും രണ്ടുതവണ മന്ത്രിയാവാനും പാര്‍ട്ടി എനിക്ക് അവസരം നല്കി. സാധാരണക്കാരനായ ഒരാളെ ഒരു പാര്‍ട്ടിയും ഇങ്ങനെ ഉയര്‍ത്തിക്കൊണ്ട് വരില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുസ്ലിംലീഗ് ബാഫഖി തങ്ങളുടെ കാലം മുതല്‍, പാണക്കാട് തങ്ങള്‍മാരുടെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന നയം എക്കാലവും പിന്തുടരും എന്നതില്‍ സംശയമില്ല’, പതറിയ ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തവണ സിറ്റിങ് സീറ്റായ കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന് അഡ്വ അബ്ദുള്‍ ഗഫൂറാണ് ലീഗ് സ്ഥാനാര്‍ത്ഥി. ഒരിക്കലും തന്റെ മകന് എന്ന നിലയിലല്ല ഗഫൂര്‍ സ്ഥാനാര്‍ത്ഥിയായതെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. ‘അഡ്വക്കേറ്റ് വിഇ അബ്ദുള്‍ ഗഫൂര്‍ മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്.
ഗഫൂര്‍ സ്വന്തമായി ഓഫീസും പ്രാക്ടീസുമുള്ള അഭിഭാഷകനാണ്. അതിന് പുറമേ, ഇന്ത്യാ ഗവണ്മെന്റിന്റെ അഭിഭാഷകനായി ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ തന്നെ യൂത്ത് ലീഗിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാകാര്യത്തിലും പൊതുവായ പരിചയവുമുണ്ട്. പക്ഷേ, എനിക്ക് പറയാനുള്ളത്, മറ്റ് സ്ഥാനാര്‍ത്ഥികളെപ്പോലെ, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പോലെ ഗഫൂറും ജനങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണം.
ഞാന്‍ കഴിഞ്ഞ നാല് തവണ, ഇരുപത് വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ എന്നെ തേടി വരികയായിരുന്നു. ഒരുതവണയേ ഞാന്‍ അങ്ങോട്ട് പോയിട്ടുള്ളൂ. ബാക്കിയെല്ലാം എന്നെതേടി വരികയായിരുന്നു. കാരണം, ഞാന്‍ ജനങ്ങളുടെ സേവകനായി മാറുകയായിരുന്നു. അത് അഡ്വക്കറ്റ് അബ്ദുള്‍ ഗഫൂറും പിന്തുടരണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. നിങ്ങള്‍ എല്ലാ പിന്തുണയും അബ്ദുള്‍ ഗഫൂറിന് കൊടുക്കണം’, അദ്ദേഹം അഭ്യര്‍ത്ഥിച്ചു.