രാമക്ഷേത്രം; ഹൈന്ദവര്‍ കൂടുതലുള്ള വിദേശ രാജ്യങ്ങൾക്ക് അയോധ്യയിൽ ഗസ്റ്റ് ഹൗസുകൾ തുടങ്ങാൻ യോഗിസര്‍ക്കാരിന്റെ അനുമതി

single-img
5 March 2021

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്നവർക്കായി ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ വിദേശ രാജ്യങ്ങൾക്ക് യുപി സർക്കാർ അനുമതി. ഇതിനോടകം ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളോട് പ്രതികരിച്ചു കൊണ്ടാണ് ഹൈന്ദവ ജനസംഖ്യ കൂടുതലുള്ള വിദേശ രാജ്യങ്ങൾക്ക് അയോധ്യയിൽ ഗസ്റ്റ് ഹൗസുകൾ തുടങ്ങാൻ യോഗി സർക്കാർ അനുമതി നൽകിയത്.

ഇതുവഴി അന്താരാഷ്ട്ര തീർത്ഥാടന ടൂറിസത്തിനു ഊർജം നൽകാനും അയോധ്യക്ക് ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നൽകാനുമാണ് നീക്കം എന്നാണ് വിശദീകരണം. നിലവിൽ ശ്രീലങ്ക, കാനഡ, നേപ്പാൾ, ഫിജി, കെനിയ, ഇൻഡോനേഷ്യ , മലേഷ്യ , ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മൗറീഷ്യസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് ഗസ്റ്റ് ഹൗസുകൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിച്ച് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.

അതേസമയം, പന്ത്രണ്ട് ഏക്കർ സ്ഥലം ഇതിനോടകം തന്നെ വിദേശ രാജ്യങ്ങളുടെ ഗസ്റ്റ് ഹൗസുകൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് അയോധ്യ മുനിസിപ്പൽ കമ്മീഷണർ വിശാൽ സിംഗ് അറിയിച്ചു.