ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; വികസന മുരടിപ്പിന് അറുതി വരുത്താനെന്നു കെ.സുരേന്ദ്രന്‍

single-img
4 March 2021

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാൻ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താനാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കും. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപലായനമായിരിക്കും ഫലം. തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല.

ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ജനസംഖ്യാനുപാതികമായി വരുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇനിയും സീറ്റുകൾ വർധിക്കുകയും മധ്യ തിരുവിതാംകൂറിൽ കുറയുകയും ചെയ്യും. ഇത് ഹിന്ദു – ക്രിസ്ത്യൻ വിഭാഗക്കാർക്ക് അപകടമാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

മലബാർ സംസ്ഥാനത്തിന് വേണ്ടിയുള്ള മുസ്‌ലിം തീവ്രവാദികളുടെ ചരട് വലിക്ക് യുഡിഎഫും എൽഡിഎഫും മൗനാനുവാദം നൽകിയെന്നും സുരേന്ദ്രൻ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അധ്യക്ഷത വഹിച്ചു. ജാഥാ കൺവീനർ എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സംസ്ഥാന വൈസ്പ്രസിഡന്റ് ജി.രാമൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, സിന്ധുമോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എ സൂരജ്, വിജയകുമാർ മണിപ്പുഴ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു, ഒബിസി മോർച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വക്കേറ്റ് അരുൺ പ്രകാശ്, ഐ.ടി സോഷ്യൽ മീഡിയ ഇൻചാർജ് എസ്.ജയശങ്കർ, യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ സംസാരിച്ചു.