ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല: പി സി ജോര്‍ജ്

single-img
28 February 2021

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തല കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേരളത്തിൽ മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പി സി ജോര്‍ജ് ആരോപിക്കുന്നു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്.

രമേശ് നേരത്തെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ആ സമയം അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതിനാൽ ഇരുവരും തമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നതാണ്. നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പി സി ജോര്‍ജ് 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ആരാണെന്ന് ജനം ഇനിയും അറിഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്‍ത്താന്‍ വേണ്ടിയാണ് ശെല്‍വരാജിനെ ഇടതുമുന്നണിയിൽ നിന്നും യുഡിഎഫിലെത്തിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ചാരക്കേസുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെ കരുണാകരനെ രാജിവെപ്പിച്ചു. മലയാള മനോരമയുടെ സഹായത്തോടെ, എന്ന് പേരെടുത്ത് തന്നെ പറയാം. മനോരമ പത്രമാണ് ഇദ്ദേഹത്തെ ഇപ്പോഴിങ്ങനെ വളര്‍ത്തിവെച്ചിരിക്കുന്നത്. പിന്നാലെയാണ് ആന്റണിയുടെ ന്യൂനപക്ഷ വര്‍ഗീയത പ്രസ്താവന വരുന്നത്. എ കെ ആന്റണിയുടെ അടുത്ത് ഈ ഉമ്മന്‍ ചാണ്ടി തന്നെ പോയി ന്യൂനപക്ഷ പ്രീണനം അപകടമാണ് എന്ന് പറഞ്ഞ് ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ അപകടമാണെന്ന് പറഞ്ഞു.

ഇതോടെ നേരെ ആന്റണിയെ ഡൽഹിയിലേക്ക് പാക്ക് ചെയ്തു. കരുണാകരനെയും എ കെ ആന്റണിയെയും തകര്‍ത്ത് ഇദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ വന്നു,’ പി.സി ജോര്‍ജ് പറഞ്ഞു.ഒരിക്കൽ ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യുന്നത് താന്‍ കണ്ടുവെന്നും അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി തനിക്ക് ശത്രുവായതെന്നും പി സി ജോര്‍ജ് പറഞ്ഞു.