വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യത; ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന കള്ളക്കാവിയിട്ട പൂച്ച സന്ന്യാസി: രൂക്ഷവിമര്‍ശനവുമായി എംഎം മണി

single-img
22 February 2021
MM Mani Yogi Adityanath

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി(Yogi Adityanath)നെതിരെ രൂക്ഷവിമർശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി(MM Mani). യോഗി കള്ളക്കാവിയിട്ട പൂച്ചസന്ന്യാസിയാണെന്ന് മന്ത്രി പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം.

യോഗി ആദിത്യനാഥാണ് രാജ്യത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്നും വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യതയെന്നും മണി ചോദിച്ചു. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും മന്ത്രി ആഞ്ഞടിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് പതാക കൈമാറാനെത്തിയപ്പോള്‍ യോഗി പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനങ്ങളുടെ വികാരം വെച്ച് കേരളത്തിലെ ഇടതുവലത് മുന്നണികള്‍ കളിക്കുകയാണെന്ന് ഇന്നലെ കേരളത്തിലെത്തിയ യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു. വിശ്വാസികള്‍ക്കെതിരായ നിലപാടുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയല്ലാതെ മറ്റൊന്നും കേരളത്തില്‍ ചെയ്തിട്ടില്ലെന്നും യോഗി പറഞ്ഞിരുന്നു.

ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കേരളത്തില്‍ സഹായം ലഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് അതിനെതിരെ നിയമം കൊണ്ടുവരികയാണ് ചെയ്തതെന്നും യോഗി കേരളത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ഒരു കാലത്ത് യുപിയെ നോക്കി ചിരിച്ച ആളാണ് പിണറായി വിജയന്‍. ഇപ്പോള്‍ കൊവിഡിനെ നിയന്ത്രിക്കാനാകാത്ത കേരളത്തെ നോക്കി ലോകം ചിരിക്കുകയാമെന്നും യോഗി പരിഹസിച്ചിരുന്നു.

MM Mani against Yogi Adityanath