മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും; തെരെഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്നും കെ സുരേന്ദ്രൻ


‘മെട്രോമാന്’ ഇ ശ്രീധരന് (E Sreedharan) ഉടൻ ബിജെപി(BJP)യില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
“വികസന പ്രവർത്തനങ്ങളുടെ മറവിൽ കമ്മീഷൻ അടിച്ചുമാറ്റുന്നവരാണ് ഇരുമുന്നണികളും. ഇ ശ്രീധരൻ അതിന് എതിരായിരുന്നു. അതോടെയാണ് ഉമ്മൻ ചാണ്ടിയും പിണറായിയും അദ്ദേഹത്തെ ദ്രോഹിച്ചത്. വരും ദിവസങ്ങളിൽ പ്രഗൽഭരായ പലരും ബിജെപിയിലേക്ക് വരുകയും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുകയും ചെയ്യും. ” സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Metroman E Sreedharan to join BJP ahead of Kerala Assembly Elections