തന്ത്രിയെ ശബരിമലയുടെ പരമാധികാരിയാക്കും; ആചാരം ലംഘിച്ചാൽ 2 വർഷം തടവ്: യുഡിഎഫിൻ്റെ കരട് നിയമം

single-img
6 February 2021
UDF Sabarimala law

ശബരിമലയില്‍ ആചാരലംഘകര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന കരടു നിയമവുമായി യുഡിഎഫ്. തന്ത്രിയെ ക്ഷേത്രത്തിന്‍റെ പരമാധികാരിയാക്കുന്ന ഈ നിയമം തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്നാണ് യുഡിഎഫിൻ്റെ പ്രഖ്യാപനം.

ശബരിമല വിഷയം സജീവമായി നിർത്തി എല്‍ഡിഎഫിനെയും  ബിജെപിയെയും പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പുനഃപരിശോധന ഹർജ്ജിയെ മാത്രം ആശ്രയിക്കാതെ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്നും ഇതിനായി യുഡിഎഫിനെ വിജയിപ്പിക്കണമെന്നുമാണ് പ്രചാരണം.

സുപ്രീം കോടതി വിധി മറികടക്കാൻ  നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിനെ യുഡിഎഫ് വെല്ലുവിളിച്ചിരുന്നു. അധികാരത്തിലെത്തിയാൽ യുഡിഎഫ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിൻ്റെ കരട് പുറത്തുവിടാൻ മന്ത്രി എ.കെ. ബാലനും വെല്ലുവിളിച്ചു. ഇതിനു പിന്നാലെയാണ് നിയമത്തിൻ്റെ കരട് തന്നെ പുറത്തുവിട്ടുള്ള യുഡിഎഫിൻ്റെ നിർണായക നീക്കം. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസിഫലിയാണ് കരട് തയ്യാറാക്കിയത്. ക്ഷേത്രത്തിൻ്റെ പരമാധികാരി തന്ത്രിയാണെന്നും കരടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ച മൃദുഹിന്ദുസമീപനം തുടരാനാണ് ശബരിമല വിഷയം ചർച്ചയാക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ശബരിമല വിഷയം ഉയർത്തി സമരം നടത്തിയ ബിജെപി നേടിയ മേൽക്കൈ മറികടക്കാനും മൃദുഹിന്ദുവോട്ടുകളെ യുഡിഎഫ് ബാലറ്റിലെത്തിക്കാനുമുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Priest will be the supremo of Sabarimala; Ritual breakers will be punished: UDF publishes draft of their Sabarimala law