അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്: പ്രധാനമന്ത്രിയുടെ ഓഫീസുമായടക്കമുള്ള ഉന്നതബന്ധങ്ങൾ ദുരുപയോഗം ചെയ്തതായി സൂചന
റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയും ബാർക് സിഇഒ ആയിരുന്ന പാർത്ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് സംഭാഷണങ്ങൾ പുറത്ത്. ടി ആർ പി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചെന്ന കേസിൽ മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച സംഭാഷണങ്ങളുടെ രേഖയാണ് പുറത്തായിരിക്കുന്നത്. പാർത്ഥോദാസ് ഗുപ്ത അർണബ് ഗോസ്വാമിയടക്കം നിരവധിപേരുമായി നടത്തിയ വാട്സാപ് സംഭാഷണങ്ങളുടെ അഞ്ഞൂറു പേജുള്ള രേഖയുടെ പകർപ്പ് ഇവാർത്തയ്ക്ക് ലഭിച്ചു.
വ്യാജ ടിആർപി റേറ്റിംഗിലൂടെ റിപ്പബ്ലിക് ടിവി ഒന്നാമതാണെന്ന് വരുത്തിത്തീർത്ത് പരസ്യം നൽകുന്ന കമ്പനികളെ കബളിപ്പിക്കാൻ പാർത്ഥോ ദാസ് ഗുപ്തയടക്കമുള്ള ബാർക്ക് ഉന്നതർ കൂട്ടുനിന്നു എന്ന ആരോപണത്തെ ശരിവെയ്ക്കുന്നതാണ് വാട്സാപ്പ് ചാറ്റിലെ വിവരങ്ങൾ.
പ്രസാർ ഭാരതിയുടെ സിഇഒ ആയ ശശി ശേഖർ വെമ്പതി തങ്ങൾക്കനുകൂലമല്ലെന്നും അദ്ദേഹത്തിൻ്റെ “വിക്കറ്റ് വീഴാൻ” വഴിയുണ്ടോയെന്നും പാർത്ഥോ ദാസ് ഗുപ്ത അർണബ് ഗോസ്വാമിയോട് ചോദിക്കുന്നു. അതുകൂടാതെ പുതിയതായി രൂപീകരിക്കാൻ പോകുന്ന കൺവെർജൻസ് കമ്മിറ്റിയിൽ ചെറിയ ചാനലുകൾക്ക് ബാർകിലോ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷനിലോ(IBF) പ്രാതിനിധ്യം നൽകരുത്, ചെയർമാൻ ആയി ഇൻഡസ്ട്രിയുടെ പുറത്തുനിന്നുള്ള ഒരാളെ തെരെഞ്ഞെടുക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുന്നതിനായി അർണബിനോട് പാർത്ഥോ ദാസ് ഗുപ്ത പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായി അർണബ് ഗുപ്ത പിറ്റേ ദിവസം മെസേജിലൂടെ അറിയിക്കുന്നതും ചാറ്റിൽ വ്യക്തമാണ്.
ഇത്തരത്തിൽ അധികാരദല്ലാളായി പ്രധാനമന്ത്രിയുടേതടക്കമുള്ള ഓഫീസുകളിൽ സ്വാധീനമുള്ളതിനാലാണ് അർണബിന് ബാർക് ഉന്നതരെ സ്വാധീനിക്കാനും കൃത്രിമം കാണിക്കാനും കഴിഞ്ഞതെന്നാണ് മുംബൈ പൊലീസ് ശേഖരിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ റിപ്പബ്ലിക് ചാനലിനെയും ബിജെപിയെയും പ്രതിസന്ധിയിലാക്കാൻ കെൽപ്പുള്ളതാണ് ഈ രേഖകൾ.
Content: Leaked whatsapp chats of Arnab Goswami shows his illicit relations with the BJP and the Centre