2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കും: അരവിന്ദ്കെജ്‌രിവാള്‍

single-img
15 December 2020

2022ല്‍ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. യുപിയില്‍ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി രഹിത സർക്കാർ രൂപവത്കരിക്കും എന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ എട്ടുവർഷത്തിനിടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി മൂന്നുവട്ടം സർക്കാർ രൂപവത്കരിച്ചു. പഞ്ചാബിൽ പ്രധാന പ്രതിപക്ഷമായി മാറാനും ഇതിനകം ആപ്പിന് സാധിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരു പ്രധാന പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുകയാണ്. ആം ആദ്മി പാർട്ടി 2022ലെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും” – കെജ്‌രിവാള്‍ പറഞ്ഞു.

ഇന്ന്, ആരോഗ്യവും വിദ്യാഭ്യാസവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഡൽഹിയിലേക്ക് വരാൻ യുപിയിലെ ജനങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന് ഏറ്റവും വികസിതമായ സംസ്ഥാനമായി മാറാനാവില്ലേ എന്നും വെർച്വൽ വാർത്താ സമ്മേളനത്തിൽ യോഗി സർക്കാരിനെ വിമർശിച്ചു കൊണ്ട് കെജ്‌രിവാള്‍ ചോദിച്ചു.

യുപിയിലുള്ള വൃത്തികെട്ട രാഷ്ട്രീയവും തികച്ചും അഴിമതിക്കാരായ നേതാക്കളുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നത്. യുപിയിലെ ജനങ്ങൾ എല്ലാ പാർട്ടികൾക്കും അവസരം നൽകി. എന്നാൽ എല്ലാ സർക്കാരുകളും അഴിമതിയിൽ പുതിയ റെക്കോഡുകൾ സ്ഥാപിച്ചു- കെജ്‌രിവാള്‍ ആരോപിച്ചു.