ഡൽഹി ചലോ മാർച്ച് ആരംഭിച്ച് കര്‍ഷകര്‍; നേരിടാന്‍ അര്‍ദ്ധ സൈനികരെയും രംഗത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

single-img
13 December 2020

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷക സംഘടനകളുടെ രണ്ടാം ഘട്ട ഡൽഹി ചലോ മാർച്ച് ആരംഭിച്ചതിന് പിന്നാലെ നേരിടാന്‍ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. മാർച്ചിനെ അതെ രീതിയില്‍ നേരിടാൻ പോലീസിനൊപ്പം അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകരാണ് രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് പുറപ്പെട്ടിട്ടുള്ളത്‌. ഇവിടെ ഹരിയാന അതിർത്തി വരെ രാജസ്ഥാൻ പോലീസിന്റെ അകമ്പടിയോടെയാണ് മാർച്ച്.

ഇവിടെ രാജസ്ഥാൻ – ഹരിയാന അതിർത്തിയായ ഷജഹാൻപൂരിൽ ഇപ്പോള്‍ തന്നെ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എസ് ഡി എം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഇവിടെതന്നെയാണ് ഹരിയാന പോലീസിനെ കൂടാതെ അർദ്ധസൈനികരെയും വിന്യസിച്ചിരിക്കുന്നത്.