സമരം രൂക്ഷമാകുന്നതിനിടെ കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ച് അമിത് ഷാ

single-img
8 December 2020

ഭാരത്‌ ബന്ദിന് വന്‍ പിന്തുണ കിട്ടുകയും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ഓരോ ദിവസവും രൂക്ഷമാകുകായും ചെയ്യുന്നതിനിടെ കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ചര്‍ച്ച.

കഴിഞ്ഞ ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ യോഗം വിളിച്ചത്. ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക നേതാവ് രാകേഷ് ടിക്കായതിനെയാണ് ഇന്ന് ഏഴു മണിക്ക് ചര്‍ച്ചയ്ക്ക് എത്തണമെന്ന് അമിത് ഷാ അറിയിച്ചത്. യോഗത്തില്‍ മിക്കവാറും കര്‍ഷക നേതാക്കന്‍മാര്‍ പങ്കെടുത്തേക്കും.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു നിയമങ്ങളും പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞൊന്നും അംഗീകരിക്കാന്‍ തയാറാകില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍ ഇപ്പോഴും. അതേസമയം എട്ട് സംഘടനാ നേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍ക്കിടയിലും അമര്‍ഷമുണ്ട്.