സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിക്ക് മൂന്ന് മാസത്തിന് ശേഷം ജാമ്യം

single-img
3 December 2020

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിക്ക് മൂന്ന് മാസത്തിന് ശേഷം ജാമ്യം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ നാലിനാണ് ഷോവിക്കിനെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. റെയ്ഗാഡിലെ തലോജ ജയിലായിരുന്നു ഷോവിക്കിനെ താമസിപ്പിച്ചിരുന്നത്.

സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയേയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ ഏഴിനാണ് റിയയ്ക്ക് കേസിൽ ജാമ്യം ലഭിച്ചിരുന്നു.

ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ഏജൻസികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നൽകിയ സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.

സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതായും വാർത്തകൾ പുറത്തു വന്നിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കള്ളക്കളികളൊന്നും സംശയിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമല്ലെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഫോറൻസിക് വകുപ്പ് സിബിഐക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.