ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്ക് വരണം: അമിത് ഷായുടെ ഉപാധി തള്ളി കർഷകർ

single-img
29 November 2020
farmers protest amit shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ(Amit Shah) മുന്നോട്ട് വെച്ച ഉപാധികൾ തള്ളി സമരം ചെയ്യുന്ന കർഷക സംഘടനകൾ. ബുറാഡിയിൽ സർക്കാർ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാൽ ഉടൻ ചർച്ചയാകാമെന്ന അമിത് ഷായുടെ നിർദ്ദേശമാണ് സമർക്കാർ തള്ളിയത്. അമിത് ഷാ അഹങ്കാരം ഉപേക്ഷിക്കണമെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേയ്ക്ക് വരണമെന്നും കർഷകർ പറഞ്ഞു.

ബുറാഡിയിലേക്ക് നീങ്ങേണ്ടെന്നും ദില്ലി(Delhi)യുടെ എല്ലാ അതിർത്തികളും വളയാനും കർഷക സംഘടനകൾ തീരുമാനിച്ചു. സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദില്ലിയുടെ എല്ലാ അതിർത്തികളും വളയാനുള്ള തീരുമാനം. യാതൊരു ഉപാധികളുമില്ലാതെ മാത്രമേ സർക്കാരുമായി ചർച്ച നടത്തൂ എന്നും ഇപ്പോൾ സമരം നടക്കുന്ന സ്ഥലത്തേക്ക് കേന്ദ്രസർക്കാർ വന്നാൽ മാത്രം ചർച്ച നടത്താമെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്.

ഡിസംബർ 3-ന് പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തുമെങ്കിലും  താങ്ങുവില എടുത്തു കളയില്ലെന്നതടക്കമുള്ള  ഉറപ്പുകള്‍ ആവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.  പ്രതിഷേധത്തെ പ്രതിരോധിക്കാന്‍  പ്രചാരണപരിപാടികള്‍ക്ക് ബിജെപി  താഴേത്തട്ടിലേക്ക് നിര്‍ദ്ദേശം നൽകിയതും വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. സമരം ചെയ്യുന്ന കർഷകരെ ഖാലിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിശേഷിപ്പിക്കുന്നതടക്കമുള്ള സ്ഥിരം രീതികൾ സംഘപരിവാർ അനുകൂല സമൂഹമാധ്യമ അക്കൌണ്ടുകൾ സ്വീകരിക്കുന്നതും ഇതിന്റെ സൂചനയാണ്.

പ്രതിഷേധം ശക്തമാകുന്നതിനിടയിലും കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) രംഗത്ത് വന്നു. പ്രതിഫലം  നിയമം മൂലം  ഉറപ്പ് വരുത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ അവകാശം ലഭിക്കുകയാണെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍(Mann Ki Baat)  മോദി അവകാശപ്പെട്ടു. നിരവധി ചര്‍ച്ചകളിലൂടെ നടപ്പാക്കിയ നിയമം കര്‍ഷക നന്മക്കാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പുതിയ നിയമം കര്‍ഷകരും പഠിക്കണം. ആഗ്രഹിക്കുന്ന വില ഉത്പന്നത്തിന് ലഭ്യമാകും. വിശദമായ ചര്‍ച്ചക്ക് ശേഷമാണ് നിയമം നടപ്പിലാക്കിയതെന്ന്  അടിവരയിട്ട പ്രധാനമന്ത്രി കര്‍ഷകരുടെ പ്രതിഷേധത്തോട് പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Content: Farmers Reject Amit Shah Talks Offer; says Shah should come to the protest stage to hold discussions