വിക്കിനെ അതിജീവിച്ച് അമേരിക്കൻ പ്രസിഡന്റ് പദം വരെയെത്തിയ ജോ ബൈഡൻ

single-img
7 November 2020
joe biden stutter

തെരെഞ്ഞെടുപ്പിൽ വിജയിച്ച് 46-ാമത് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയ്ക്ക് ഒരു അതിജീവനത്തിന്റെ ചരിത്രമുണ്ട്. ഒരു രാഷ്ട്രീയ നേതാവിന് ഏറ്റവുമധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുക സംസാരത്തിലുണ്ടാകുന്ന വൈകല്യമാകും. സംസാരത്തിലെ വൈകല്യമായ വിക്കിനെ(stuttering) അതിജീവിച്ചാണ് ഇത്തരമൊരു ഉന്നതപദവിയിലേയ്ക്ക് ബൈഡൻ എത്തിയത്.

ജന്മനാ വിക്കുള്ളയാളായിരുന്നു ജോ ബൈഡൻ. തന്റെ ഇരുപതുകളുടെ ആരംഭത്തിൽ ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരു കവിത ചൊല്ലി പരിശീലിച്ചായിരുന്നു താൻ വിക്കിനെ അതിജീവിച്ചതെന്ന് ബൈഡൻ പറയുന്നു. വില്ല്യം ബട്ലർ യീറ്റ്സിനെപ്പോലെയുള്ള (William Butler Yeats) ഐറിഷ് കവികളുടെ കവിതകൾ താൻ മണിക്കൂറുകളോളം കണ്ണാടിയുടെ മുന്നിൽ നിന്ന് ചൊല്ലുമായിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.തന്റെ വിക്കിനെക്കുറിച്ച് സിഎൻഎൻ ചാനലിന്റെ ഒരു പരിപാടിയിൽ ( CNN town hall ) ബൈഡൻ പറഞ്ഞതിങ്ങനെ:

“വിക്കിന് നിങ്ങളുടെ ബുദ്ധിയുടെ അളവുകോലിൽ ഒന്നും ചെയ്യാനില്ല. നിങ്ങൾ തിരക്കിട്ട് ഒന്നും പറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടിവരും എന്നതുമാത്രമാണ് അതിന്റെ പ്രത്യേകത. ഒറ്റയടിക്ക് പറയേണ്ട കാര്യങ്ങളെ വിക്കുള്ളവർക്ക് മുറിച്ച് മുറിച്ച് പറയേണ്ടിവരും”

“ആളുകൾ വളരെ ലാഘവത്തോടെ പരിഹസിക്കുന്ന ഒരേയൊരു വൈകല്യം വിക്ക് ആയിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. പരിഹസിക്കുന്നവർ അതുദ്ദേശിച്ചില്ലെങ്കിൽപ്പോലും വിക്കുള്ളവർക്ക് അത് വീണ്ടും അപമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ജോയ് , ഈ വിക്ക് നിന്നെ നിർവ്വചിക്കരുത്. ജോയ് നീയാരാണെന്ന് മറക്കരുത്. ജോയ് നിനക്കത് സാധിക്കും.” എന്നെല്ലാം തനിക്ക് ധൈര്യം തന്നിരുന്നത് തന്റെ അമ്മയായിരുന്നുവെന്നും ബൈഡൻ ഓർമ്മിക്കുന്നു.

ജോസഫ് റൊബിനെറ്റെ ബൈഡൻ ജൂനിയർ (Joseph Robinette Biden Jr.) എന്ന ജോ ബൈഡൻ 1946-ൽ പെൻസിൽവാനിയയിലെ (Pennsylvania) സ്ക്രാന്റനിൽ (Scranton) ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. തുടക്കത്തിൽ സമ്പന്നനായിരുന്ന പിതാവിന് ബൈഡൻ ജനിച്ചപ്പോഴേക്കും നിരവധി സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവന്നു. 1950 കളിൽ സ്‌ക്രാന്റൺ നഗരം സാമ്പത്തിക തകർച്ചയിൽ അകപ്പെട്ടതോടെ ബൈഡന്റെ പിതാവിന് സ്ഥിരമായി ഒരു ജോലി കണ്ടെത്താൻപോലും സാധിച്ചില്ല. പിന്നീട് പഴയ കാറുകൾ വിൽക്കുന്ന കച്ചവടത്തിലൂടെ ഒരു മധ്യവർഗ ജീവിതാശൈലി തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന്റെ പിതാവിന് സാധിച്ചു.

1968-ൽ സിറാക്യൂസ് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ(Syracuse University College of Law)യിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1969-ൽ അറ്റോർണിയായി.  1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Content: Who is Joe Biden; From a stuttering kid to the President of USA