തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഡിസംബർ 8 മുതൽ; വോട്ടെണ്ണൽ 16-ന്

single-img
6 November 2020
kerala local body elections

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് (Local Body Elections) പ്രഖ്യാപിച്ചു. ഡിസംബർ മാസത്തിൽ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 19 ആണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും തെരെഞ്ഞെടുപ്പ്. കോവിഡ് പോസിറ്റിവ് ആയവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് (Postal Vote) ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിനായി റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണമെന്നും ബാലറ്റ് തപാൽ വഴിയോ നേരിട്ടോ എത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു. തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16-ന് നടക്കും.

ഒന്നാം ഘട്ടം

ഡിസംബർ 8-നാണ് ഒന്നാംഘട്ടം തെരെഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ചുജില്ലകളിലാകും ആദ്യഘട്ടത്തിൽ തെരെഞ്ഞെടുപ്പ് നടക്കുക.

രണ്ടാം ഘട്ടം

ഡിസംബർ 10-ന് നടക്കുന്ന രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാകും നടക്കുക.

മൂന്നാം ഘട്ടം

ഡിസംബർ 14-നായിരിക്കും നടക്കുക. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിലാകും മൂന്നാം ഘട്ടത്തിൽ തെരെഞ്ഞെടുപ്പ് നടക്കുക.

നവംബർ 20-ന് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകും. നവംബർ 23-നാണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. ഇന്നുമുതൽ സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Content: Kerala Local Body Elections to be conducted in December maintaining strict Covid 19 protocol