വിവാഹരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന കുഞ്ഞുവാവയെ അറിയുമോ?

women marital age opinion echumu kutty

ഒരു പെൺകുട്ടിയെ പെറ്റാലുടനെ കല്യാണം കഴിപ്പിക്കണമെന്ന മട്ടിലാണ് ചർച്ചകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്നത്. മറ്റുപല രാജ്യങ്ങളിലും പെണ്ണുങ്ങൾ ബഹിരാകാശത്തേക്ക് പറക്കുകയും നോബൽ സമ്മാനങ്ങൾ വാങ്ങുകയും രാജ്യം ഭരിക്കുകയും ഒക്കെ ചെയ്യുമ്പോഴും നമ്മൾ ജനിച്ചു വീണ പെൺകുട്ടിയെ എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിക്കണമെന്ന ആലോചനയിൽ ആകുലരായിരിക്കുകയാണ്.

ജനിച്ചത് പെണ്ണാണെന്നറിയുമ്പോൾത്തന്നെ സകലരുടേയും മുഖം മങ്ങും. “പത്ത് പതിനെട്ട് കൊല്ലത്തിൽ പറ്റാവുന്നതൊക്കെ സമ്പാദിക്ക്. മാനമായിട്ട് കുടുംബത്തീന്ന് ഇറക്കി വിടണ്ടേ?” ള്ളേ..ള്ളേ ന്ന് കരയുന്ന, കറുത്ത മഷി പോലെയുള്ള ആദ്യത്തെ അപ്പികൂടി ഇട്ടിട്ടില്ലാത്ത പെൺവാവയെ നോക്കിയാണ് ഇന്ത്യയിൽ പലരും ഈ അധികപ്രസംഗം പറയുക.

തമിഴ് നാട്ടിലും ദില്ലിയിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ഗുജറാത്തിലും ബീഹാറിലും ബംഗാളിലുമൊന്നും ഈ പതിനെട്ട് വയസ്സ് ഇപ്പോഴും അത്ര ഉറച്ച സംഖ്യയല്ല. ഈ സംസ്ഥാനങ്ങളുടെ പേരു പറയുമ്പോൾ അവിടുത്തെ ഏറ്റവും പ്രശസ്തയായ, ഏറ്റവും കഴിവുററ, ഏറ്റവും ധനികയായ ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി “അവരങ്ങനെ അല്ലല്ലോ” എന്നും അല്ലെങ്കിൽ പ്രശസ്തമായ ചില പ്രണയങ്ങളിൽ കുടുങ്ങി സദാ വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന മറ്റൊരു സ്ത്രീയെ ചൂണ്ടിക്കാട്ടി “ഇവരങ്ങനെ അല്ലല്ലോ?” എന്നും വാദിക്കുന്നതാണ് പൊതുസമൂഹത്തിൻറെ ഒരു രീതി. എന്നാൽ അത്തരം സ്ത്രീകൾ അല്ല ഇന്ത്യയിൽ ഭൂരിഭാഗം പേരുമെന്നത് വാസ്തവമാണ്.

സാധാരണ സ്ത്രീകളെ സംബന്ധിച്ച് വിവാഹപ്രായം ഉയർത്തുന്നത് വളരെ നല്ലൊരു കാര്യമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. വിദ്യാഭ്യാസം കുറഞ്ഞ ദാരിദ്ര്യം ഏറിയ പല വീടുകളിലും പന്ത്രണ്ട് പതിമൂന്ന് വയസ്സിൽ തന്നെ പെൺകുട്ടി ഭർതൃമതിയാകും. മതവിശ്വാസങ്ങൾ മാത്രമല്ല അതിനു കാരണം. ശരിക്കും പറഞ്ഞാൽ സാമൂഹികമായ സുരക്ഷിതത്വമില്ലായ്മയാണ് അവിടെ ഏറ്റവും പ്രധാന വില്ലൻ. ദരിദ്രരായ പെൺകുട്ടികൾ ധനികരുടെയും ധനികരാവാൻ കൊതിക്കുന്നവരുടേയും കളിപ്പാട്ടങ്ങളാണ് നമ്മുടെ നാട്ടിൽ. പന്ത്രണ്ട് വയസ്സിൽ ഭർതൃമതിയായി പതിമൂന്ന് വയസ്സിലും പതിനാലു വയസ്സിലും ഓരോ കുഞ്ഞിനെ പെറ്റുകഴിഞ്ഞാൽപ്പിന്നെ സുരക്ഷയായി.

പതിമൂന്ന് വയസ്സിൽ ചേരികളിലെ ഒറ്റമുറി വീട്ടിൽ കിടന്ന് പെറ്റ് പെൺകുട്ടി ആണ് ജനിച്ചതെന്നറിഞ്ഞതുകൊണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോകുന്ന വാവ ഭാര്യയും ഇപ്പോൾ പിറന്ന ള്ളേ… ള്ളേ കരയുന്ന കുഞ്ഞും ഇന്ത്യയിൽ ധാരാളമായുണ്ട്. അത് സാധാരണ കാര്യമെന്ന് വിചാരിക്കുന്ന മനുഷ്യത്വഹീനതക്ക് മാത്രമേ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പുണ്ടാവൂ.

സ്ത്രീകൾക്കനുകൂലമായി എന്ത് വിധി വന്നാലും നിയമനിർമ്മാണമുണ്ടായാലും ഉടൻ പ്രതിഷേധം ഉയരും . സ്ത്രീകൾ തന്നെ ആർത്തുവിളിക്കും- “ഞങ്ങൾ അശുദ്ധരാണേ, ഞങ്ങൾ അനേകപടി താഴേയാണേ, ആണുങ്ങളുടെ കൈയിൻറെ ചൂട് ഞങ്ങളിൽ അനുസരണയില്ലാത്ത പെണ്ണുങ്ങൾക്ക് കിട്ടണേ, കമ്പിപ്പാരയോ, ജാക്കി ലിവറോ കുത്തുവിളക്കോ എന്തെടുത്തും ഞങ്ങളിലെ അനുസരണയില്ലാത്ത പെണ്ണുങ്ങളെ ആണുങ്ങൾക്ക് ശിക്ഷിക്കാമേ,” എന്നമട്ടിൽ.

ഇതെന്നും ഇങ്ങനെ ആയിരുന്നു. കാരണം ചങ്ങലകൾ അലങ്കാരമാണ് പെണ്ണുങ്ങൾക്ക്. ചങ്ങലകളോട് പ്രണയം പോലുമാണ്. ചോദിക്കാനും പറയാനും ആളുണ്ടാവുന്നതാണ് പെൺജീവിതത്തിൻറെ ധന്യതയും പൂർണതയും. ഏകാകിനിയായ പെണ്ണിനെ സ്വൈരിണി എന്ന് വിളിക്കുന്നതാണ് നമ്മുടെ രീതി. അപ്പോൾ ആ വിളി കേൾക്കാതിരിക്കാൻ പെണ്ണുങ്ങൾ ഒറ്റയ്ക്ക് ഒന്നും സ്ഥാപിക്കാൻ ശ്രമിക്കില്ല. കൂട്ടത്തിൽ നിന്ന് അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പറയുകയേ ഉള്ളൂ. അങ്ങനാണല്ലോ ‘നല്ല’സ്ത്രീകളും കുടുംബിനികളും വേണ്ടത്.

ഈസ്റ്റ് ഇന്ത്യാക്കമ്പനി ഇന്ത്യാരാജ്യം ഭരിക്കുന്ന കെട്ടകാലത്ത് മദാമ്മമാർ മിഡ് വൈഫുമാരും ഡോക്ടർമാരുമായി വന്നപ്പോൾ ഇന്ത്യയിലെ ശൈശവവിവാഹവും കൊച്ചുപെൺകുട്ടികളുടെ അരക്കെട്ട് തകർന്നുള്ള മരണവും ഒരു ചർച്ചാവിഷയമായി മാറി. ബ്രിട്ടീഷ് ഭരണകൂടം ഈ ലേഡീസ് സ്മാൾ ടോക്ക് കേട്ട് ആദ്യമൊന്നും അനങ്ങിയതേയില്ല.

അപ്പോഴാണ് 1891ല്‍ ഫൂല്‍ മണി ദാസി എന്ന ഒറീസ്സാക്കാരി പത്തു വയസ്സുള്ള കുഞ്ഞുവാവ ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചത്. ഫൂൽ മണിയുടെ ഭർത്താവ് ഭര്‍ത്താവ് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്രഹപൂര്‍ത്തി വരുത്തണമെന്ന് നിര്‍ബന്ധമായിരുന്നു. അരക്കെട്ട് തകര്‍ന്നാണ് ഫൂല്‍മണി എന്ന കുഞ്ഞുവാവ ഭാര്യ മരിച്ചത്.

അനവധി കൊച്ചുപെണ്‍കുട്ടികള്‍ ഇമ്മാതിരി ദാരുണ മായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി ഇന്ത്യയില്‍ പ്രബലമായി നിലനിന്നിരുന്ന ആ കാലത്ത് ഏജ് കണ്‍സെന്‍റ് ബില്‍ ( എസിബി ) ബ്രിട്ടീഷുകാര്‍ കൊണ്ടു വന്നത് 1891-ലായിരുന്നു. പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം. ഫൂല്‍മണിയുടെ മരണം ഈ ബില്ല് പാസ്സാക്കുന്നതിന് ബ്രിട്ടീഷുകാരെ ശരിക്കും പ്രേരിപ്പിക്കുകയുണ്ടായി. അവർ അവഗണിച്ചിരുന്ന ലേഡീസ് സ്മാൾ ടോക്ക് ഇത്തിരി ഗൗരവമായി.

ഹിന്ദുക്കള്‍- കൂടുതലും ബ്രാഹ്മണര്‍- ഈ ബില്ലിനു എതിരായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിമുകളും ക്രിസ്ത്യാനികളുമായ ഇന്ത്യക്കാര്‍ ഒന്നടങ്കം ഈ ബില്ലില്‍ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവര്‍ക്കും രുചിക്കുന്ന ഒന്നായിരുന്നു . ബാലഗംഗാധരതിലകും ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു.

1829 – ലെ സതി നിരോധന നിയമം,( ബ്രഹ്മസമാജത്തിൻറെ പ്രധാനപ്രവർത്തകനായ രാജാറാം മോഹൻ റായ് വില്യം ബെൻറിക് പ്രഭുവിനെ സതി നിരോധിക്കാൻ ഏറെ പ്രേരിപ്പിച്ചിട്ടുണ്ട്.), 1840 – ലെ അടിമത്ത നിരോധന നിയമം, 1856 – ലെ വിധവാ വിവാഹ നിയമം, 1891- ലെ ഏജ് ഓഫ് കണ്‍സെന്‍റ് ബില്‍, 1929 – ലെ ദ ചൈല്‍ ഡ് മാര്യേജ് റിസ്റ്റ്റെയിന്‍ ഡ് ആക്റ്റ് എന്നിവയാണ് ഒരുപക്ഷേ സ്ത്രീകളുടെ സാമൂഹികനിലവാരം അല്‍പമെങ്കിലും മെച്ചപ്പെടാന്‍ ഇടയാക്കിയ നിയമ നിര്‍മ്മാണങ്ങള്‍.

സ്വാതന്ത്ര്യം കിട്ടിയ ശേഷം 1961 ൽ പാസ്സായ സ്ത്രീധനനിരോധന നിയമം എത്രത്തോളം ഫലപ്രദമായെന്ന് നമുക്കു കൃത്യമായി അറിയാം. നിയമം ഉണ്ടായിട്ട് അങ്ങനെ ഒരു നിയമമേ ഇല്ലാത്തതുപോലെയാണ് എല്ലാവരും പെരുമാറുന്നത്.

1983 ൽ സ്ത്രീകൾക്ക് ഭർതൃവീടുകളിൽ മർദ്ദനമുണ്ടാകുന്നത് തടയാൻ ഗവണ്മെന്റ് 498A പാസ്സാക്കിയിരുന്നു. എന്നിട്ട് പെണ്ണുങ്ങൾ അടികൊള്ളാതിരുന്നിട്ടുണ്ടോ? ഭാര്യാപീഡനമെന്ന കുറ്റത്തിന് എത്ര പുരുഷന്മാർ ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌?

2005-ൽ ഗാർഹിക പീഡന നിരോധന നിയമം വന്നു. കൂട്ടബലാത്സംഗങ്ങളും തുടർന്നുള്ള കത്തിക്കലും കൊല്ലലും ഒക്കെയാണ് പത്രവാർത്തകളിൽ അധികവും സ്ഥാനം പിടിക്കാറെങ്കിലും സ്ത്രീകൾ അനുഭവിക്കുന്നതിൽ ഏറ്റവും വലുത് വീടുകൾക്കുള്ളിൽ നടക്കുന്ന ശാരീരികവും മാനസികവും വാചികവുമായ നിരന്തര പീഡനമാണ്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി 2012- ൽ പോക്സോ വന്നു. എന്നിട്ട് എന്തതിശയമാണുണ്ടായത്? കൊച്ചുകുട്ടികൾ സ്വന്തം ഇഷ്ടത്തോടെ ഗുദഭോഗം ആശിച്ചുവെന്നും വദനസുരതം ആസ്വദിച്ചുവെന്നും അവർ സന്തോഷമനുഭവിച്ചുവെന്നുമൊക്കെ ന്യായം പറയുന്ന പ്രതികളും, പോലീസും വക്കീലും രാഷ്ട്രീയക്കാരുമുണ്ടായി. പീഡോഫീലിയ ആസ്വദിക്കാൻ കുട്ടികൾ താത്പര്യം കാണിക്കുന്നു എന്നു വരെ എല്ലാവരും അഭിപ്രായപ്പെട്ടു. നിയമം പലപ്പോഴും നോക്കുകുത്തി ആയി.

ഇങ്ങനെയുള്ള നിയമങ്ങൾ ഏറെയാണെങ്കിലും യൂണിസെഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളില്‍ നാല്‍പതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കില്‍ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മകളേയും പെങ്ങളേയുമെല്ലാം ചുട്ടുകൊല്ലുമെന്ന് ന്യൂസ് ചാനലുകളിലൂടെ ആക്രോശിക്കാന്‍ കഴിയുന്ന വക്കീലന്മാരും പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന് പലതരത്തില്‍ ഉദാഹരണ സഹിതം സമര്‍ത്ഥിക്കുന്നവരും വര്‍ദ്ധിച്ചു വരികയാണ്. അവരിൽ നിയമജ്ഞരും രാഷ്ട്രീയ അധികാരികളും സിനിമാക്കാരും എഴുത്തുകാരും വിവിധ മതനേതാക്കളും ഒക്കെയുണ്ട്. സ്ത്രീക്കു നേരെയുള്ള ഏതു തരം ഹീനമായ കുറ്റകൃത്യത്തിനും ഉത്തരവാദി ആ സ്ത്രീ തന്നെയാണെന്ന് വിശ്വസിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലും ഈ വ്യവസ്ഥിതിയും അതിന്റെ പ്രയോക്താക്കളും സര്‍വ്വ കഴിവുകളും ഉപയോഗിക്കുന്നു.

സ്ത്രീകൾക്കുള്ള വിവേചനം അൽപമെങ്കിലും മാറ്റുന്ന ബില്ലുകളോ നിയമങ്ങളോ വന്നാൽ പൊതുസമൂഹം ഇളകി വശാകും. അതാണ് നമ്മൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.

സ്ത്രീക്ക് വിദ്യാഭ്യാസമാകാമെന്ന് പറഞ്ഞപ്പോഴും മാറു മറയ്ക്കാമെന്ന് പറഞ്ഞപ്പോഴും സ്ത്രീക്ക് സ്വത്തവകാശമാകാമെന്ന് പറഞ്ഞപ്പോഴും താഴ്ത്തപ്പെട്ട ജാതിക്കാർക്ക് അമ്പലത്തിൽ കയറാമെന്ന് പറഞ്ഞപ്പോഴുമൊക്കെ കുറെ പുരുഷന്മാരും കുറെ ‘നല്ല’സ്ത്രീകളും “വേണ്ട, പറ്റില്ല” എന്ന് പറഞ്ഞ് ലഹളയുണ്ടാക്കുകയും അക്രമങ്ങൾ കാട്ടുകയും ചെയ്ത് സർക്കാരുകളെ പേടിപ്പിച്ചു.

സ്ത്രീകളുടെ വിവാഹ പ്രായവും കടലാസ്സിൽ മാത്രം കൂട്ടിയാൽ പോരാ. അതിനെതിരേ വാദിക്കുകയും ലഹളയുണ്ടാക്കുകയും ചെയ്യുന്ന പിന്തിരിപ്പന്മാരെക്കൊണ്ട് കൃത്യമായി ആ നിയമം അനുസരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സാമൂഹിക സുരക്ഷിതത്വം കൂടി സർക്കാർ ഉറപ്പ് വരുത്തണം. അല്ലെങ്കിൽ സ്ത്രീധനനിരോധന നിയമം പോലെ ഒരു കീറിപ്പിന്നിയ നിയമമാകും ഇതും.