ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രാ ഗവര്‍ണറെ തിരിച്ചുവിളിക്കണം: ശിവസേന

single-img
15 October 2020

മഹാരാഷ്ട്രയില്‍ ശിവസേന നയിക്കുന്ന സര്‍ക്കാരും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. സംസ്ഥാന ഗവര്‍ണര്‍ ബിഎസ് കോഷിയാരി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

ഒരു വ്യക്തി ഗവര്‍ണര്‍ പദവയില്‍ ഇരിക്കുന്നയാള്‍ എങ്ങനെ പെരുമാറരുതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോഷിയാരി. ഗവര്‍ണര്‍ നേരത്തെ സംഘപ്രചാരകനും ബിജെപിയുടെ നേതാവും ആയിരുന്നിരിക്കാം എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രാ ഗവര്‍ണറാണ്. അദ്ദേഹം ഇക്കാര്യം സൗകര്യപൂര്‍വം മറക്കുകയാണ് എന്ന് ശിവസേന പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു .

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരവാദിയായി മാറിയോ എന്ന് ചോദിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കത്തയച്ചിരുന്നു. രൂക്ഷമായ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ കത്ത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെങ്കില്‍ ആദ്യം ദേശീയ തലത്തില്‍ ഒരു നയം പ്രഖ്യാപിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ തന്നെ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണെന്നും ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.