രാജസ്ഥാന്‍റെ രാജകീയ തിരിച്ചു വരവ്; ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് രാജസ്ഥാൻ റോയൽസ്

single-img
11 October 2020

ഐപിഎൽ ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാൻ റോയൽസ് അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തി രാജകീയമായി വിജയവഴിയില്‍ തിരികെയെത്തി. രണ്ടാമത് ബാറ്റ് ചെയ്യവേ ഒരു ഘട്ടത്തില്‍ 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ റിയാന്‍ പരാഗ് – രാഹുല്‍ തെവാട്ടിയ സഖ്യമാണ് വിജയത്തിലേക്ക് എത്തിച്ചത്. മത്സരത്തിന്റെ12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 85 റണ്‍സാണ് സ്വന്തമാക്കിയത്.

ഇതില്‍ 26 പന്തില്‍ രണ്ടു വീതം സിക്‌സും ബൌണ്ടറിയുമായി റിയാന്‍ പരാഗ് 42 റണ്‍സോടെ പുറത്താകാതെ നിന്നു. അതേസമയം 28 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുല്‍ തെവാട്ടിയ 45 റണ്‍ നേടി. ആദ്യം ബാറ്റ് ചെയ്ത് 159 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഹൈദരാബാദിനായി കളിയുടെ ആരംഭത്തില്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു.

അതിന് ഫലമായി മറുപടി ബാറ്റിങ്ങില്‍ ആദ്യ 4.1 ഓവറുകള്‍ക്കുള്ളില്‍ ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. അതിന് ശേഷം വന്ന സഞ്ജു സാംസണ്‍ – റോബിന്‍ ഉത്തപ്പ സഖ്യം സ്‌കോര്‍ 63 വരെയെത്തിച്ചു. മത്സരത്തിന്റെ 12-ാം ഓവറില്‍ സഞ്ജുവിനെ റാഷിദ് പുറത്താക്കി.

ഈ സമയം 25 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ സഹിതം 26 റണ്‍സായിരുന്നു സഞ്ജുവിന്റെ നേട്ടം. ടോസ് ലഭിച്ച്ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തിയത്.