ആലുവയിൽ പ്രായപൂർത്തിയാകാത്തവരുടെ വോട്ട് ചേർത്തു; വ്യാജരേഖ ചമച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
വയസ്സ് തെളിയിക്കുന്ന രേഖ തിരുത്തി പ്രായപൂർത്തിയാകാത്തവരുടെ വോട്ട് ചേർത്ത കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആലുവ ശാസ്താ ലെയ്നിൽ താമസിക്കുന്ന സഞ്ജയാണ് (21) അറസ്റ്റിലായത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ആലുവ നഗരസഭയിൽ 21ാം വാർഡിലാണ് വ്യാജരേഖകൾ ചമച്ച് വോട്ടർപട്ടികയിൽ ചേർക്കാൻ ശ്രമം നടന്നത്. ബിജെപിക്കാരായ സഞ്ജയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് 16കാരനെ വോട്ടർപട്ടികയിൽ ചേർക്കാൻ ശ്രമിക്കുകയായിരുന്നു. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിൽ പ്രായം തിരുത്തിയ ഫോട്ടോകോപ്പിയും നൽകി. സംശയം തോന്നിയ നഗരസഭ അധികൃതർ ഒറിജിനൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ വോട്ടർപട്ടികയിൽ പുതുതായി രണ്ടുപേർ പേരുചേർത്തത്. തങ്ങളറിയാതെ വാർഡിലെ ബിജെപി പ്രവർത്തകരാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയത് എന്ന് പ്രായപൂർത്തിയാകാത്തയാൾ പറഞ്ഞു. ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴാണ് വയസ്സിൽ കൃത്രിമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ രക്ഷാകർത്താക്കൾ വോട്ട് ചേർത്ത ബിജെപിയിലെ അഞ്ചുപേർക്കെതിരെ പരാതി നൽകിയിരുന്നു.