പുതിയ പ്രതിസന്ധി: ഏഴുമാസത്തിനിടെ തൃശൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ

single-img
9 October 2020

കോവിഡ് വ്യാപനം സംബന്ധിച്ച് പുതിയ പ്രതിസന്ധി വെളിപ്പെടുത്തി ഐസിഎംആർ. തൃശൂർ സ്വദേശിയായ യുവാവിന് ഏഴു മാസത്തിനുള്ളിൽ മൂന്നു തവണയാണ് കോവിഡ് വ്യാപിച്ചത്. യുവാവിനെക്കുറിച്ച് പഠനം നടത്താനുള്ള ഒരുക്കത്തിലാണ് ഐസിഎംആർ.  

പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത് എന്നാണ് ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നത്. കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. 

മസ്കറ്റിലെ ജോലി സ്ഥലത്തുവച്ചാണ് മാർച്ചിൽ യുവാവിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രടിപ്പിക്കുകയായിരുന്നു. തുടർന്നു തൃശൂരിൽ നടത്തിയ പരിശോധനയിൽ സാവിയോയ്ക്ക് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. 

മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം കോവിഡ്  വീണ്ടും നെഗറ്റീവായി. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ വീണ്ടും പോസിറ്റീവാകുകയായിരുന്നു. സാവിയോ പറയുന്ന വിവരങ്ങൾ ശരിയായാൽ മൂന്നു തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യ വ്യക്തിയാകും സാവിയോ. 

കോവിഡ് രോഗത്തെ സംബന്ധിച്ച് പുതിയ പ്രതിസന്ധിയാണിതെന്നാണ്  ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നത്.