വി മുരളീധരന് മന്ത്രിസ്ഥാനം നഷ്ടപ്പെടും; പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് ഫലമുണ്ടാകുമെന്നും റിപ്പോർട്ട്

single-img
8 October 2020

മാധ്യമപ്രവർത്തകയായി വിദേശമന്ത്രിതല സമ്മേളനത്തിൽ യുവതിയെ പങ്കെടുപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധര​ൻെറ നടപടി വിവാദമായിരിക്കെ, മുരളീധരന് മന്ത്രിസ്ഥാനം നഷ്ടമാകും എന്ന് ദേശീയ മാധ്യമ റിപ്പോർട്ട്. നയതന്ത്ര പ്രോട്ടോകോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്. മാത്രമല്ല, മുരളീധരന്റെ കോണ്‍ഗ്രസ് ബന്ധവും കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വി മുരളീധരനും കമ്പനി മാനേജർ സ്മിതാ മേനോനുമായുള്ള വിഷയം പഠിക്കാൻ പ്രധാനമന്ത്രി ഇടപെട്ടതോടെയാണ് കർശന നടപടിയ്ക്ക് അരങ്ങൊരുങ്ങിയത് എന്നാണ് റിപ്പോർട്ട്.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുന്നതിന് പിന്നിലും മുരളീധരനെയാണ് പ്രമുഖർ കുറ്റപ്പെടുത്തുന്നത്. ബിജെപിയിൽ നിന്ന് തന്നെയുള്ള മുതിര്‍ന്ന നേതാക്കൾ വി മുരളീധരനോടുള്ള വലിയ എതിര്‍പ്പുകൾ ആവര്‍ത്തിക്കുകയാണ് ഇപ്പോൾ. പലരും പരസ്യമായി തന്നെ കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തി. വി മുരളീധരൻ അനർഹർക്ക് ഒത്തശ ചെയ്തു മന്ത്രിപദം ദുരുപയോഗം ചെയ്യുന്നു എന്ന പരാതി കേന്ദ്ര നേതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്.

വി മുരളീധരന്റെ ഒത്താശയോടെയാണ് പിആർ കമ്പനി മാനേജർ സ്മിതാ മേനോൻ, അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ ചട്ടം ലംഘിച്ച് പങ്കെടുത്തത് എന്നാണ് പ്രധാന പരാതി. 2019 നവമ്പറിലാണ് മന്ത്രിതല സമ്മേളനം നടന്നത്. താനല്ല അനുവാദം നൽകിയതെന്നാണ് വി മുരളീധരൻ ആദ്യം മറുപടി നൽകിയത്. എന്നാൽ സ്മിതാ മേനോൻ, മുരളീധര​ന്റെ അനുമതിയോടെയാണ്​ താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന്​ വെളിപ്പെടുത്തി. ഇതോടെ വി മുരളീധരൻ നിലപാട് മാറ്റുകയായിരുന്നു. അതിനാൽ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വിലയിരുത്തൽ.

മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ വന്നതും പാർട്ടിക്കുള്ളിലെ ഉൾപ്പോരിന് കാരണമായി. പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിന് പുറമെ, ഡിആർഡിഒ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ മന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നത് ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ‘ചില കോൺഗ്രസ് ബന്ധമുള്ളവരാണ് വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ ഉൾപ്പടെ ഇവരുടെ തീരുമാനങ്ങളാണ് നടപ്പിലാകുന്നത്’. ബിജെപിയുടെ പാർട്ടി അംഗങ്ങളെക്കാൾ സ്വാധീനം മന്ത്രിയിൽ ഇവർക്കുണ്ടെന്നും ആരോപണമുണ്ട്.