ബിജെപിക്കും യോജിപ്പ്; പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒ പനീര്‍സെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇക്കാര്യം എഐഎഡിഎംകെ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനാഥിയെ ചൊല്ലി കഴിഞ്ഞയാഴ്ച നടന്ന നിര്‍വാഹക സമിതി യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടർന്ന് പളനിസ്വാമി, ഒ പനീര്‍സെല്‍വം എന്നിവരുമായി മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം ഒടുവിൽ പിന്മാറിയതോടെയാണ് ധാരണയായത്.
11 അംഗ മാര്‍ഗ നിര്‍ദേശക സമിതിയെയും പനീര്‍സെല്‍വം പ്രഖ്യാപിച്ചു. സമിതിയിൽ പളനിസ്വാമി വിഭാഗത്തിന് ആറും ഒ. പനീര്‍സെല്‍വത്തിന് അഞ്ചും അംഗങ്ങളാണ് ഉള്ളത്.