‘ആയുധങ്ങൾ വാങ്ങാൻ ലൈസൻസ്​ തരൂ’ പ്രതിരോധം ഞങ്ങൾ സ്വയം തീർത്തോളാം’- ഹാഥറസ് സംഭവത്തിൽ പ്രതികരണവുമായി ചന്ദ്രശേഖർ ആസാദ്

single-img
4 October 2020

യുപിയിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി മരണപ്പെട്ട സംഭവത്തിൽ ഭീം ആർമി​ നേതാവ്​ ചന്ദ്രശേഖർ ആസാദിന്റെ ട്വീറ്റ്​ ശ്രദ്ധ നേടുന്നു. ആയുധ ലൈസൻസ്​ തന്നാൽ ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം എന്നാണ്​​ ചന്ദ്രശേഖർ ആസാദ്​ ഹിന്ദിയിൽ ട്വീറ്റ്​ ചെയ്​തത്​.

‘രാജ്യത്തെ 20 ലക്ഷം ദലിത്, പിന്നാക്ക ബഹുജനങ്ങൾക്ക് ഉടൻ തോക്ക് ലൈസൻസ് നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സർക്കാർ 50% സബ്‌സിഡി നൽകണം. ഞങ്ങൾ സ്വയം പ്രതിരോധിക്കും’– ഗൺ ലൈസൻസ് ഫോർ ബഹുജൻ എന്ന ഹാഷ്ടാഗോടെ ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു.

വെള്ളിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സമരത്തിൽ ചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു. നൂറുകണക്കിനാളുകൾ പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

“ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കുന്നതുവരെ നാം പ്രക്ഷോഭം തുടരും. നീതി ലഭ്യമാക്കുന്നതിനായി സുപ്രീം കോടതി ഇടപെടണമെന്നാണ് എനിക്ക് പറയാനുള്ളത്.” ആസാദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഹാഥ്രസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയുടെ മുന്നിലും ഭീം ആർമി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.