ഹത്രാസിലെ നടപടി ബിജെപിയുടെ പ്രതിച്ഛായ തകർത്തു; പാർട്ടിയെ വിമർശിച്ച് ഉമ ഭാരതി

single-img
3 October 2020

ഹത്രാസ് കേസിലെ പോലീസിന്റെ സംശയാസ്പദമായ നടപടി ബിജെപിയുടെയും ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെയും പ്രതിഛായയ്ക്ക് ക്ഷതമേല്‍പ്പിച്ചുവെന്ന് മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഹത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഉമഭാരതിയുടെ വിമർശനം. സംഭവത്തില്‍ അനാവശ്യ ഇടപെടലുകള്‍ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായി. ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥിനോട് ഉമാ ഭാരതി ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പ്രത്യേകിച്ച് പ്രതിപക്ഷത്തെയും ഹത്രാസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്നും ഉമാ ഭാരതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുകയാണ് ഉമാ ഭാരതി. ഇതു സംബന്ധിച്ച് ഒമ്പത് തവണ അവർ ട്വീറ്റ് ചെയ്തു കഴിഞ്ഞു. വിവിധ ട്വീറ്റുകളിലായി അവർ കുറിച്ച്ത് ഇങ്ങനെ:

” രാമരാജ്യം കൊണ്ടുവരുമെന്ന് അവകാശപ്പെട്ട് നമ്മള്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടിരിക്കുകയാണ്. എന്നാല്‍ പോലീസിന്റെ ഈ നടപടിയോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായക്ക് ഇടിവ് സംഭവിച്ചിരിക്കുന്നു”

” ദളിത് കുടുംബത്തിലെ മകളാണ് അവള്‍. ധൃതി പിടിച്ച്, ബന്ധപ്പെട്ടവരെ കാണിക്കാതെ അവളുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചു. ഇപ്പോള്‍ ഗ്രാമത്തിലെ പോലീസും പെണ്‍കുട്ടിയുടെ കുടുംബവും ഉപരോധത്തിലാണ്. ”

” ഒന്നും പറയേണ്ടെന്നും നിങ്ങള്‍ നടപടിയെടുക്കുമെന്നുമാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പോലീസ് ആ ഗ്രാമവും കുടുംബവും വളഞ്ഞിരിക്കുകയാണ്.”

” എസ്‌ഐടി അന്വേഷിക്കുന്നതിനാല്‍ ആ പെണ്‍കുട്ടിയുടെ കുടുംബം ആരെയും കാണാതിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം ഏതാണ്? എസ്‌ഐടിയുടെ അന്വേഷണത്തെ തന്നെ സംശയത്തിന്റെ മുനയില്‍ നിർത്തുന്ന നടപടിയായി പോയി.”- ഉമാഭാരതി ട്വീറ്റ് ചെയ്തു.