സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആര്‍ക്കറിയാം; നീതു വിവാദത്തില്‍ എഎ റഹിം

single-img
29 September 2020

നീതു ജോണ്‍സണ്‍ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്തിനും അതിന്റെ പേരിൽ കാത്തിരിക്കുന്ന അനില്‍ അക്കര എംഎല്‍എയ്ക്കും എതിരെ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ശരിക്കും ഇനി ഈ നീതു എന്ന ക്യാരക്ടര്‍ ഉണ്ടോ എന്നും അവര്‍ കത്തയച്ചോയെന്നൊന്നും നമുക്കറിയില്ല എന്നും അവര്‍ ആരാണെന്നും നമുക്കറിയില്ല എന്നും റഹിം പറഞ്ഞു.

ഇനി ഒരുപക്ഷെ സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആര്‍ക്കറിയാന്‍ പറ്റും. അവനാണെങ്കിൽ അതൊക്കെ ചെയ്യും. ഒരിക്കൽ സ്വന്തമായി വീടിന് തീവെച്ചിട്ട് വാര്‍ത്താ പ്രാധാന്യം കണ്ടെത്തിയ നേതാവുണ്ടല്ലോ ചെറിയ ആളൊന്നുമല്ല കെപിസിസി നേതാവാണ് അയാളെന്നും റഹീം പരിഹസിച്ചു.

നേരത്തെ സ്വന്തമായി തലമുടി മുറിച്ചിട്ട് വാര്‍ത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടനയല്ലേ അത്.
അതേപോലെ തന്നെ സ്വന്തമായിട്ട് വീടും വാഹനവും കത്തിച്ചിട്ട് മാര്‍ക്സിസ്റ്റുകാര്‍ അക്രമിച്ചു എന്ന് പറഞ്ഞ് ഇരവാദമുയര്‍ത്തിയ ഒരു മുന്‍ എംഎല്‍എ ശെല്‍വരാജിന്റെ നാടല്ലേ ഇത്. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരം എന്നത് സതീശന്‍ കഞ്ഞിക്കുഴിയുടെ സംസ്‌ക്കാരമാണ്. ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തുമായിരിക്കാം ഇത്. ഉറപ്പ് പറയാന്‍ പറ്റില്ലെന്നും റഹീം പറയുകയുണ്ടായി.

സ്വന്തമായി താമസ സ്ഥലം ഇല്ലാതെ പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്ലാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് പൊളിക്കരുതെന്നും നീതു ജോണ്‍സണ്‍ എന്ന പേരിലെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്‌കൂളിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നീതു എന്ന പേരിലുള്ള ഈ കത്തിൽ അനില്‍ അക്കരയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറ ബാനുവിന്റെയും പേരെടുത്ത് പറയുകയും ചെയ്തിരുന്നു.

കത്തിൽ വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടരി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെന്നാണ് പറഞ്ഞിരുന്നത് എങ്കിലും ഈ പേരില്‍ ഒരാളും സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് അനില്‍ അക്കര പറഞ്ഞു.ഈ കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് മങ്കരയിലെ റോഡരികില്‍ രണ്ട് മണിക്കൂര്‍ കാത്തുനില്‍ക്കുമെന്ന് എംഎല്‍എയെ അറിയിച്ചത്.