സര്‍ക്കാര്‍ വിരുദ്ധ കലാപം; ദേശീയ ഗുസ്തി ചാമ്പ്യനെ ഇറാന്‍ തൂക്കിക്കൊന്നു

single-img
12 September 2020

2018 ല്‍ ഇറാനിൽ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തി എന്ന കുറ്റത്തിൽ ഇറാൻ തങ്ങളുടെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. സമാന കേസിൽ തന്നെ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ വഹിദും ഹബിബും ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

വിചാരണയ്ക്ക് ശേഷം യഥാക്രമം 54 വര്‍ഷത്തേക്കും 27 വര്‍ഷത്തേക്കുമാണ് ഇരുവര്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാൻ തങ്ങളുടെ തെക്കന്‍ നഗരമായ ഷിറാസില്‍ വെച്ച് നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു എന്നാണ് ഇറാനിൽ നിന്നുള്ള ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം അഫ്കാരിക്കെതിരെ അധികൃതര്‍ അന്യായമായികുറ്റം ചുമത്തുകയായിരുന്നു എന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ശിക്ഷാ വിധി അറിഞ്ഞപ്പോൾ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ അഫ്കാരിയുടെ വധശിക്ഷയ്‌ക്കെതിരെ സംയുക്ത പ്രതിഷേധം അറിയിക്കുകയുണ്ടായി.
കേസിൽ തന്നെ നിര്‍ബന്ധിതമായി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് അഫ്കാരി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണ്.

വിചാരണയ്ക്ക് ശേഷം ഇദ്ദേഹത്തെ പാര്‍പ്പിച്ച ജയിലില്‍ നിന്നും പുറത്തുവന്ന ശബ്ദരേഖയില്‍ തന്നെ പോലീസ് നിരന്തരം ഉപദ്രവിക്കുകയും കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നെന്നാണ് അഫ്കാരി പറഞ്ഞിരുന്നത്. ഇറാനിലെ സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെയും സര്‍ക്കാര്‍ ജനങ്ങളിൽ നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെയുമാണ് 2018 ല്‍ ഇറാനില്‍ പ്രക്ഷോഭം നടന്നത്.