അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കം; എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി

single-img
11 September 2020

അലൻ ഷുഹൈബും താഹ ഫസലും ഇന്ന് ജയിൽ മോചിതരാകാനിരിക്കെ ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കവുമായി എൻഐഎ. കീഴ്ക്കോടതിയിൽ ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കുന്ന നടപടികൾ നടക്കുമ്പോഴാണ് നാടകീയമായി ഇന്ന് തന്നെ ഹൈക്കോടതിയിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ സമീപിക്കുന്നത്.

ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും കാട്ടി എൻഐഎ കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയെങ്കിലും ഇത് വിചാരണക്കോടതി തള്ളിയിരുന്നു. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഇത് സീൽ വച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് ഇപ്പോൾ എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹൈക്കോടതിക്ക് നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. അതിനാലാണ് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയിൽ എൻഐഎ എത്തിയത്. അൽപ സമയത്തിനകം ഹർജി ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത.

എന്തെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളിലോ, തീവ്രവാദ പ്രവർത്തനങ്ങളിലോ അലനും താഹയും പങ്കെടുത്തതായി ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. അതിനാൽ ഇരുവർക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഓരോ ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം, ജാമ്യം നിൽക്കുന്നവരിൽ ഒരാൾ പ്രതികളുടെ രക്ഷിതാവും രണ്ടാമത്തേയാൾ അടുത്ത ബന്ധുവും ആകണം, എല്ലാ ശനിയാഴ്ചയും അലനും താഹയും തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ഒപ്പിടണം എന്നിവയായിരുന്നു ഉപാധികൾ.