പല സംസ്ഥാനങ്ങളിലും ഒരു റിപ്പോർട്ടർ പോലും റിപ്പബ്ലിക്ക് ടിവിയ്ക്കില്ല; അർണാബിന്റെത് വ്യക്തിഹത്യ നടത്തി ആക്രോശിക്കുന്ന സ്വഭാവമെന്ന് തേജിന്ദർ സിംഗ് സോധി

single-img
4 September 2020

അർണാബ് ഗോസ്വാമിയുടേത് വ്യക്തിഹത്യ നടത്തി ആക്രോശിക്കുന്ന സ്വഭാവമെന്ന വിമർശനവുമായി റിപ്പബ്ലിക് ടിവി മുൻ ബ്യൂറോ ചീഫ് തേജീന്ദർ സിങ് സോധി. റിപ്പബ്ലിക്ക് ടിവിയിലെ മറ്റു മാധ്യമപ്രവർത്തകർക്ക് പദവികൾ പേരിന് മാത്രമേ ഉള്ളു. മുതിർന്ന മാധ്യമ പ്രവർത്തകരെ പോലും നോക്കുകുത്തികളാക്കുന്ന സമീപനമാണ് അർണാബ് ഗോസ്വാമിക്കെന്നും തേജീന്ദർ സിങ് കുറ്റപ്പെടുത്തി. തന്റെ രാജി കത്തിലാണ് തേജിന്ദർ സിങ്, അർണാബിനെതിരെ രൂക്ഷവിമർശനം നടത്തിയത്. രാജികത്തിന്റ പകർപ്പ് മീഡിയം ഡോട്ട് കോം പുറത്തുവിട്ടു.

വൈകുന്നേരം അർണബ് ഏറ്റെടുക്കുംവരെയുള്ള ഇടവേളയിൽ ടിവി സ്ക്രീനിൽ നിറയേണ്ടവരായാണ് സഹപ്രവർത്തകരെ അദ്ദേഹം കണക്കാക്കുന്നത്. റിപ്പബ്ലിക്കിൽ ചേരാനെടുത്ത തീരുമാനത്തിൽ തനിക്ക് ഖേദം തോന്നുന്നുവെന്ന് കത്തിൽ സൂചിപ്പിക്കുന്നു. റിപ്പബ്ലിക് ടിവി ജമ്മു കാശ്മീർ മുൻ ബ്യൂറോ ചീഫ് ആയിരുന്നു തേജീന്ദർ സിങ്.

അര്‍ണാബിൽ നിന്നും തുടങ്ങി ഗോസ്വാമിയിൽ അവസാനിക്കുന്നതാണ് റിപ്പബ്ലിക്ക് ടിവി. അർണബിനു വേണ്ടി ആരെയും ഇടിച്ചിടുന്ന പണിയായിരുന്നു റിപ്പോർട്ടർമാർക്ക്. യു.പിയിലെ ഒരു റിപ്പോർട്ടർക്ക് കിട്ടിയ നിർദേശം അന്നത്തെ യു.പി മുഖ്യമന്ത്രിയെ വിടാതെ പിന്തുടരുന്ന ദൃശ്യങ്ങൾ നൽകാനും അതുകഴിഞ്ഞ് വീടിന്റെ മതിൽ ചാടികടന്ന് പൂമുഖത്തെത്താനുമായിരുന്നു. ഇനി ഒരു പ്രഫഷനൽ മാധ്യമ പ്രവർത്തകനും അതിന്റെ ഭാഗമാകാൻ മനസ്സുവെക്കുകയില്ല -തേജീന്ദർ സിങ്ങിന്‍റെ കത്തിൽ പറയുന്നു.

‘രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷൻ ശ്രംഖലയാണ് റിപ്പബ്ലിക്ക് എന്ന് അർണബ് അവകാശപ്പെടുന്നതെങ്കിലും സത്യത്തിൽ പല സംസ്ഥാനങ്ങളിലും ഒരു റിപ്പോർട്ടർ പോലും ആ ചാനലിനില്ല. ഉണ്ടായിരുന്നവർ രാജിവെച്ചു പോയി. ഡൽഹിയിൽ ഒരു ബീറ്റ് റിപ്പോർട്ടർ പോലുമില്ല. വ്യോമസേനയുടെയും നാവിക സേനയുടെയും യൂനിഫോം തിരിച്ചറിയാത്ത ഒരു ക്രൈം റിപ്പോർട്ടറാണിപ്പോൾ പ്രതിരോധ വാർത്തകൾ ചെയ്യുന്നത്. രണ്ടു വർഷം മുമ്പുള്ള വാർത്ത ഇൻറർനെറ്റിൽ നിന്നെടുത്ത് പുതിയതായി റിപ്പോർട്ടു ചെയ്ത് നാണം കെട്ടപ്പോൾ സൈന്യത്തിന്റെ തലയിൽ വെച്ചു കെട്ടിയ ആളാണ് കക്ഷി.’ തേജീന്ദർ ആരോപിച്ചു.

‘ഒരു രാഷ്ട്രീയ കക്ഷിക്കെതിരെ പ്രതിഷേധിക്കൽ മാധ്യമ പ്രവർത്തകരുടെ പണിയല്ലെന്ന് ആരോടു പറയാൻ? പക്ഷെ റിപ്പബ്ലിക്ക് ടിവിയിൽ എല്ലാവരും അതും ചെയ്യേണ്ടിവന്നു. അക്ഷരാർത്ഥത്തിൽ റിപ്പബ്ലിക്ക് ചാനലിൽ നിന്നും രാജിവെയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലായിരുന്നു’.- തേജീന്ദർ സിങ് കത്തിലൂടെ വ്യക്തമാക്കി.