ബിജെപി എംപി എവിടെപ്പോയി? കിരൺ ഖേറിനെതിരെ വിമർശനവുമായി കോൺ​ഗ്രസ്

single-img
4 September 2020

കൊവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ബിജെപി എംപി കിരൺ ഖേർ എവിടെപ്പോയി എന്ന് വിമർശനവുമായി ചണ്ഡീ​ഗഡിലെ കോൺ​ഗ്രസ്. കൊവിഡ് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് അറിയാനും പരിഹരിക്കാനും എംപി മണ്ഡലത്തിൽ ഉണ്ടാകേണ്ടതാണെന്ന് ചണ്ഡി​ഗഡ് കോൺ​ഗ്രസ് മേധാവി പ്രദീപ് ഛബ്ര പറഞ്ഞു. എന്നാൽ ഒരിടത്തും തന്നെ കിരൺ ഖേറിനെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി കിരൺ ഖേറിനെ ചണ്ഡീ​ഗഡിലെ സാധാരണ ജനങ്ങൾക്കിടയിൽ കാണാറേയില്ല. രണ്ടാഴ്ച മുമ്പ് അഡ്മിനിസ്ട്രേഷൻ ഉദ്യോ​ഗസ്ഥരുമായി നടത്തിയ വിർച്വൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തതല്ലാതെ പരസ്യമായി അവർ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്നില്ല.’ ഛബ്ര പറഞ്ഞു. ‘ചണ്ഡീ​ഗഡിൽ മഹാമാരി പടർന്നു പിടിക്കുകയാണ്. മുനിസിപ്പൽ കോർപറേഷന് ശമ്പളം നൽകാൻ പോലും പണമില്ല. ജനങ്ങൾ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാത്രമല്ല, അവർക്ക് വളരെയധികം നീരസവുമുണ്ട്. എംപി എവിടെയെന്ന് അവർ ചോദിക്കുന്നു.’ ഛബ്ര പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് കോൺ​ഗ്രസിന്റെ സമാനമായ ആരോപണങ്ങളോട് കിരൺ ഖേർ പ്രതികരിച്ചിരുന്നു. താൻ ന​ഗരത്തിൽ തന്നെയുണ്ടന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നുമായിരുന്നു കിരൺ ഖേറിന്റെ പ്രതികരണം. ആദ്യ ദിനം മുതൽ താൻ ചണ്ഡീ​ഗഡിൽ തന്നെയുണ്ടെന്നും അക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അവർ പറഞ്ഞു. അതാരെയും അറിയിക്കേണ്ട ആവശ്യമില്ല. എല്ലാവരും ലോക്ക്ഡൗണിലാണ്. അതിനർത്ഥം വീടിനുള്ളിൽ തന്നെ തുടരണമെന്ന് തന്നെയാണെന്നും കിരൺ ഖേർ പറഞ്ഞു.