ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ ആപ്പിള്‍

single-img
26 August 2020

ഇതാദ്യമായി ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി ലോക പ്രശസ്ത സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ കമ്പനി. സെപ്തംബര്‍ ആദ്യവാരം ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആപ്പിള്‍ ആലോചിക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സമീപ കാലത്ത് ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വലിയ നേട്ടമാണ് ആപ്പിള്‍ കമ്പനി കൈവരിച്ചിരുന്നത്.

ഈ നേട്ടത്തിന് ശേഷമാണ് ഇന്ത്യയില്‍ തങ്ങളുടെ ഓണ്‍ ലൈന്‍ വിപണന കേന്ദ്രങ്ങള്‍കൂടി ആരംഭിക്കാന്‍ ആപ്പിള്‍ തീരുമാനം എടുത്തത്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഭാഗമായി സിംഗില്‍ ബ്രാന്‍ഡ് റീട്ടെെലില്‍ പ്രാദേശിക സോഴ്‌സിംഗ് മാനദണ്ഡങ്ങള്‍ 30 ശതമാനം ലഘൂകരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം വന്ന പിന്നാലെ തന്നെ രാജ്യത്ത് ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനായിരുന്നു ആപ്പിള്‍ തുടക്കത്തില്‍ പദ്ധതിയിട്ടിരുന്നത്.

പക്ഷെ ആ സമയം ഉണ്ടായ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നീണ്ടു പോകുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ തങ്ങള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതായി ആപ്പിള്‍ ഐഎഎന്‍എസിനെ അറിയിച്ചിരുന്നതാണ്. നിലവില്‍ ഇന്ത്യയില്‍ ആപ്പിള്‍ കമ്പനി സ്മാര്‍ട്ഫോണുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.