കരിപ്പൂര്‍ വിമാനത്താവളം ഒരു മണിക്കൂര്‍ പോലും അടച്ചു പൂട്ടിക്കാന്‍ അനുവദിക്കില്ല: മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം

single-img
16 August 2020

കരിപ്പൂർ അടച്ചുപൂട്ടാൻ കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹർജിയെ അതേ നാണയത്തില്‍ തന്നെ നേരിടുമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം. പ്രശസ്ത ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ്ഷായാണ് എംഡിഎഫിനായി കോടതിയിൽ കേസ് വാദിക്കുന്നത്. കരിപ്പൂരിലെ വിമാനത്താവളം ഒരു മണിക്കൂര്‍ പോലും അടച്ചു പൂട്ടിക്കുവാന്‍ അനുവദിക്കില്ലെന്നും കരിപ്പൂര്‍ വിമാനത്താവള വിരുദ്ധ ലോബിയുടെ വ്യാജപ്രചാരണങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് കെ എം ബഷീര്‍ പറഞ്ഞു.

പഴയപോലെ തന്നെ വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചെത്തിക്കുമെന്നും വ്യാജമായ കണക്കുകളും ഇല്ലാത്ത റബ്ബര്‍ ഡിപ്പോസിറ്റിന്റെയും പേരു പറഞ്ഞ് കരിപ്പൂരിനെതിരെ ചാനല്‍യുദ്ധം നടത്തുന്നവരുടെ അജണ്ട കരിപ്പൂര്‍ വിമാനത്താവള വിരുദ്ധ മാഫിയയുടെ നടക്കാത്ത സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാന ദുരന്തത്തെ തുടർന്ന് അഭിഭാഷകനായ യശ്വന്ത് ഷെണോയിയാണ് കരിപ്പൂര്‍ ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.