മഹേന്ദ്ര യുഗത്തിന് തിരശ്ശീല, ഒരേയൊരു ധോണി

single-img
16 August 2020

മഹേന്ദ്രസിങ് ധോണി, ക്രിക്കറ്റ് ആരാധകർക്ക് ആ ഒരൊറ്റ പേര് മതി ആവേശം കൊള്ളാൻ. ധോണിയെന്ന ഇതിഹാസത്തെ ക്രിക്കറ്റ് ലോകം ചേർത്ത് നിർത്തി ഒപ്പം ലോകവും. എവിടെയും ധോണിയ്ക്ക് ആരാധകർ മാത്രം. ഒടുവിൽ ആ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ധോണിയെന്ന ഇതിഹാസം വിരമിക്കൽ പ്രഖ്യാപനവുമായി രംഗത്തുമെത്തി. ആരാധകർ നെഞ്ചോടു ചേർത്ത് ആറ്റിക്കുറുക്കിയെടുത്ത ഇന്ത്യയുടെ പ്രിയപുത്രൻ ‘മഹി’ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരിക്കുന്നു. വിടവാങ്ങള്‍ മത്സരമോ വികാരപരമായ യാത്രയപ്പോ ഒന്നുംതന്നെയില്ലാതെ കൂളായി ക്യാപ്റ്റൻ കൂൾ ക്രിക്കറ്റിന്റെ ക്രീസൊഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ രണ്ട് വരി കുറിപ്പില്‍ വിരമിക്കല്‍ പ്രഖ്യാപനം ഒതുക്കിയ ധോണി സമാനമായ രീതിയിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ‘ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – വിരമിക്കൽ പ്രഖ്യാപനം ഇത്രമാത്രം.

കരിയര്‍ പോലെ അപ്രതീക്ഷിതമാണ് എന്നും ധോണിയുടെ തീരുമാനങ്ങളും. 2004ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 2007ല്‍ ഇന്ത്യന്‍ നായകനാവുമെന്ന് ആരും സ്വപ്നത്തിൽ പോലും നിനച്ചില്ല. എന്നാല്‍ 2007ലെ ഏകദിന ലോകകപ്പില്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും സെവാഗും എല്ലാം അടങ്ങുന്ന ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ നടന്ന ആദ്യ ടി20 ലോകകപ്പില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ധോണിയെ ആണ് സെലക്ടര്‍മാര്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചത്. ആ തീരുമാനം പലരുടെയും നെറ്റി ചുളിച്ചെങ്കിലും കിരീടവുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുഗത്തിന് തുടക്കമിട്ടു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസത്തിന് വേണ്ടിയായിരുന്നു 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് പോലും . സച്ചിന്റെ അവസാന ലോകകപ്പില്‍ കിരീടം സമ്മാനിക്കുകയെന്ന ഒരൊറ്റ ലക്‌ഷ്യം മുന്നിൽ കണ്ട് ധോണിയും പിള്ളേരും കളത്തിലറങ്ങി . ഫൈനലില്‍ ശ്രീലങ്കക്കെതിരെ റണ്‍ചേസിന്റെ അതിസമ്മര്‍ദ്ദത്തില്‍ സച്ചിനും സെവാഗും കോലിയും മടങ്ങിയതിന് പിന്നാലെ എല്ലാവരും യുവരാജിനെ പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായി ക്രീസിലെത്തിയത് എം എസ് ധോണി ആയിരുന്നു . ക്രീസ് വിട്ടതാകട്ടെ കുലശേഖരെ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ചും. കോലി പുറത്തായപ്പോള്‍ യുവിക്ക് മുമ്പെ ക്രീസിലിറങ്ങിയ ധോണിയുടെ തീരുമാനമായിരുന്നു ഫൈനലിലെ മാസ്റ്റര്‍ സ്ട്രോക്ക്.

ധോണി ഒരു ബ്രാൻഡ് നെയിം കൂടി ആയിരുന്നു ,ആദ്യ ടി20 ലോകകപ്പില്‍ താരതമ്യേന യുവനിരയെ കിരീടത്തിലേക്ക് നയിച്ചു എന്നതുപോലെത്തന്നെ ജയിച്ച രീതിയും അയാളെ ഒരു സെപ്പറേറ്റ് ബ്രാന്‍ഡ് ആക്കി മാറ്റുകയായിരുന്നു . ബൗള്‍ ഔട്ടില്‍ പ്രോപ്പര്‍ ബൗളര്‍മാര്‍ക്ക് പകരം സേവാഗും ഉത്തപ്പയുമൊക്കെ കുറ്റി തെറുപ്പിച്ചത് ക്രിക്കറ്റ് ഉള്ളേടത്തോളം കാലം ഇന്ത്യക്കാര്‍ ഓര്‍ക്കും. നില്‍ക്കക്കള്ളിയില്ലാതെ എടുത്ത തീരുമാണെങ്കില്‍ പോലും ജോഗീന്ദര്‍ ശര്‍മയെ പോലൊരു ബൗളറെ വെച്ച് ലോകകപ്പ് ഫൈനലിന്റെ അവസാന ഓവര്‍ ഡിഫന്‍ഡ് ചെയ്തതൊന്നും ഹീറോയിസം എന്നതില്‍ കുറഞ്ഞ് എങ്ങനെയും വിശദീകരിക്കാന്‍ സാധ്യമല്ല താനും .

ക്രിക്കറ്റിലെ ധോണിയുടെ 15 വർഷങ്ങൾക്കാണ് ഇപ്പോൾതിരശീല വീഴുന്നത്. ഇനി ഇന്ത്യൻ കുപ്പായത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ കളിക്കളത്തിൽ കാണാൻ സാധിക്കില്ലല്ലോ എന്ന നിരാശയും. നിറകണ്ണുകളോടെ മാത്രമേ ആ പഴയ നീളം മുടിക്കാരനെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ഓർക്കാൻ കഴിയുകയുള്ളു. ക്രിക്കറ്റ് മൈതാനത്തെ ധോണിയുടെ അസാന്നിധ്യം തീർച്ചയായും ഞങ്ങളെ ,ഓരോ ധോണി ആരാധകരെയും നിരാശരാക്കും.