പ്രളയ ഭീഷണി; സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

single-img
30 July 2020

മണ്‍സൂണ്‍ മഴ ശക്തമായതോടെ സംസ്ഥാനത്ത് ഏതാണ്ട് എല്ലാ ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി മന്ത്രി കെ കെ. ശൈലജ അറിയിച്ചു

സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അതാത് ദിവസങ്ങളില്‍ തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രകൃതി ക്ഷോഭത്താല്‍ ഏതെങ്കിലും പ്രദേശത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ 9946102865 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. അതേപോലെ തന്നെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും,രോഗ തീവ്രത റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും എലിപ്പനി രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.