രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം; സ്വര്‍ണ്ണ കടത്ത് കേസില്‍ യുഎഇ അന്വേഷണം ആരംഭിച്ചു

single-img
9 July 2020

കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസിൽ സ്വന്തം നിലക്ക് യുഎ ഇ അന്വേഷണം ആരംഭിച്ചു. ഈ കേസില്‍ ഇപ്പോള്‍ ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിന് പൂർണ സഹായം ഉറപ്പാക്കുക എന്നതാണ് ഈ വിഷയത്തിൽ യുഎഇയുടെ ഔദ്യോഗിക നിലപാട്.

യുഎ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ഷാർജയില്‍ പലയിടങ്ങളിലും പരിശോധന നടക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്ത് എന്ന ഗുരുതര കുറ്റകൃത്യത്തിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയ സംഭവത്തിൽ എത്രയും വേഗം യഥാർഥ കുറ്റവാളികളെ കണ്ടെത്താനുള്ള നീക്കമാണ് യുഎഇ നടത്തുന്നത്.

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഷാർജയില്‍ പ്രവര്‍ത്തിക്കുന്ന അൽ സാതർ സ്പൈസിസ് എന്ന സ്ഥാപനത്തിനു പുറമെ ഫാസിൽ എന്ന ഇടനിലക്കാരനെ കുറിച്ചുമാണ് ഇന്ത്യയില്‍ നിന്നുള്ള കസ്റ്റംസ് വിഭാഗം കോടതിയെ വിവരം അറിയിച്ചിരിക്കുന്നത്. ഈ വ്യക്തിക്കൊപ്പം മറ്റാർക്കെങ്കിലും കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന കാര്യം ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടു വരാന്‍ സാധിക്കൂ.