രാജ്യത്ത് സംഭവിച്ച് കോവിഡ് മരണങ്ങളിൽ മൂന്നിൽ രണ്ടും അൺലോക് പ്രഖ്യാപിച്ച ജൂൺ ഒന്നിനു ശേഷം

single-img
7 July 2020

ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് വെെറസ് ബാധയെ തുടർന്ന് മാർച്ച് മാസത്തിലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി ലോക് ഡൗൺ നിയന്ത്രണങ്ങൾ രാജ്യം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതു സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രാജ്യത്ത് സംഭവിച്ച കോവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ടും ജൂണ്‍ മാസത്തില്‍ സംഭവിച്ചതാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ജൂണ്‍ ഒന്നിനാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിനായി രാജ്യം ഘട്ടം ഘട്ടമായി അണ്‍ലോക്ക്-1 നടപ്പാക്കിയത്. 

ജൂണ്‍ ഒന്നുവരെ കോവിഡ് മരണം 5606 ആയിരുന്നത് ജൂണ്‍ അവസാനത്തോടെ ഇത് 17409 ആയി ഉയര്‍ന്നു. അതായത് അണ്‍ലോക്ക്-1 നടപ്പാക്കിയ ജൂണില്‍ 11,803 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. മരണസംഖ്യയെ പോലെ തന്നെ കോവിഡ് കേസുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ജൂണ്‍ ഒന്നിന് 97008 കോവിഡ് കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ മാസം അവസാനത്തോടെ കോവിഡ് രോഗ ബാധിതർ രണ്ടേകാല്‍ ലക്ഷത്തിലേക്ക് കടന്നു കഴിഞ്ഞു. ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മാര്‍ച്ചിന് ശേഷമുളള കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം കോവിഡ് ബാധിതരുടെ 65 ശതമാനവും ജൂണിലാണ് കണ്ടെത്തിയിരിക്കുന്നതെന്നും മനസ്സി’ലാക്കാം. 

രാജ്യത്ത് കോവിഡ് വെെറസ് പടർന്നുപിടിക്കുന്നത് അതിവേഗത്തിലാണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നതും അതാണെന്ന് ആരോഗ്യവിദഗ്ധന്‍ ജമ്മി എന്‍ റാവു പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ സേവനം ചെയ്തിട്ടുളള വ്യക്തിയാണ് ജിമ്മി എൻ റാവു. 

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രമാണ് വിജയകരമായത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ ഇന്ത്യയിലെ വ്യാപനം കുറച്ച് വൈകിപ്പിക്കാന്‍ സാധിച്ചു എന്നല്ലാതെ പൂർണ്ണമായും രോഗത്തെ പിടിച്ചു നിർത്താൻ കഴിഞഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് നിലവിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ കാര്യങ്ങൾ കെെവിട്ടുപോകുന്ന സാഹചര്യമാണ്.  5,368 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,11,987 ആ​യി. 9,026 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കു തൊ​ട്ടു​പി​ന്നി​ല്‍ നി​ല്‍​കു​ന്ന​ത് ത​മി​ഴ്‌​നാ​ടാ​ണ്. 1,14,978 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തിട്ടുള്ളത്. 1,571 പേ​ര്‍ ഇവിടെ മ​രി​ച്ചിരുന്നു. അതേസമയം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നുകഴിഞ്ഞു. 1,00,823 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 3,115 പേരാണ് ഇവിടെ കോവിഡ് മൂലം ജീവൻ വെടിഞ്ഞത്.