ഭാര്യ സിന്ദൂരംധരിച്ചില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കാം: ഗുവാഹത്തി ഹൈക്കോടതി

single-img
29 June 2020

ഭാര്യ സിന്ദൂരം ധരിച്ചില്ല എങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്ന് നിരീക്ഷണവുമായി ഗുവാഹത്തി ഹൈക്കോടതി. തന്റെ ഭാര്യ സിന്ദൂരം തൊടുകയോ ആചാരപരമായ സഖ എന്ന വള ധരിക്കുകയോ ചെയ്യുന്നില്ല എന്ന് കാണിച്ച് യുവാവ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം.

എന്നാല്‍ നേരത്തെ ഇതേ കാരണത്താല്‍ വിവാഹമോചനത്തിന് സമീപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഗുവാഹത്തിയിലെ കുടുംബക്കോടതി ഇയാളുടെ ഹര്‍ജി തള്ളിയിരുന്നു. അതിനെ തുടര്‍ന്നാണ്‌ യുവാവ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അജയ് ലാംബ, സൗമിത്ര സൈകിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തില്‍ നിര്‍ണ്ണായക നിരീക്ഷണം നടത്തിയത്.

ഭാര്യ സിന്ദൂരം തൊടാനും വള ധരിക്കാനും വിസമ്മതിക്കുന്നത് വിവാഹബന്ധം തുടരാനുള്ള താല്‍പ്പര്യമില്ലായ്മയായി കണക്കാക്കാമെന്ന് ഈ മാസം 19ന്റെ ഉത്തരവില്‍ ഹൈക്കോടതി നിരീക്ഷിച്ചു. അതേപോലെ തന്നെയുവാവിന്റെ ആരോപണം ഭാര്യ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2012ലായിരുന്നു ഹര്‍ജിക്കാരന്‍ വിവാഹം കഴിച്ചത്.

വിവാഹ ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ മാറി താമസിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് യുവാവ് വഴങ്ങാതെ വന്നതോടെ യുവതി വീട് വിട്ടുപോവുകയും ഐപിസി 498 എ പ്രകാരം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. ഈ കേസില്‍ യുവാവിനെയും കുടുംബാംഗങ്ങളെയും ഗുവാഹത്തി ഹൈക്കോടതി വെറുതെ വിട്ടതിന്റെ പിന്നാലെയാണ് യുവാവ് വിവാഹമോചന ഹര്‍ജി നല്‍കിയത്.