നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തവർ നിരവധി പേരെ ലെെംഗിക ചൂഷണത്തിനും വിധേയരാക്കിയിരുന്നു

single-img
25 June 2020

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ വര്‍ഷങ്ങളായി തട്ടിപ്പുനടത്തിവരുന്നവരാണെന്ന് സൂചനകൾ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ സംസ്ഥാനത്ത് നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതായി പ്രതികള്‍ സമ്മതിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തിലൊന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിനിമയില്‍ അവസരം അടക്കം വാഗ്ദാനം ചെയ്താണ് ലൈംഗിക ചൂഷണവും തട്ടിപ്പും പ്രതികള്‍ നടത്തിയിരുന്നതെന്നും വിജയ് സാഖറെ പറഞ്ഞു. ഇവർക്കുപിന്നിൽ വൻസംഘം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇതില്‍ നാലുപേരാണ് അറസ്റ്റിലായത്. ശേഷിക്കുന്ന മൂന്നുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിന് പിന്നില്‍ സിനിമാമേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിനിമയുടെ പേരിലാണ് യുവനടിമാരെയും പെണ്‍കുട്ടികളെയും ഇവര്‍ വലയിലാക്കുന്നത്.

തുടര്‍ന്ന് സിനിമയ്ക്ക് ചില സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞ് ഇവരില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയാണ് പതിവ്. നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ഇവരെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.

ഇതിനിടെ ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. തട്ടിപ്പുസംഘത്തിന് ഷംനയുടെ ഫോണ്‍നമ്പര്‍ എങ്ങനെ ലഭിച്ചു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കൊച്ചി കേന്ദ്രമായി നടക്കുന്ന സ്വര്‍ണ്ണക്കടത്ത് ബന്ധം അടക്കം അന്വേഷണപരിധിയിലുണ്ട്. പ്രതികള്‍ക്ക് നടിയെ ആക്രമിച്ച കേസുമായും ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് പൊലീസ്.