രാജ്യത്ത് 7745 കോവിഡ് മരണം; രോഗികളുടെ എണ്ണം 2.75 ലക്ഷം കടന്നു

single-img
10 June 2020

രാജ്യത്ത് കോവിഡ് രോഗികളുടെ രണ്ടേമുക്കാല്‍ ലക്ഷം കടന്നു. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം രാജ്യത്ത് ആകെ കോവിഡ് രോഗികള്‍ 276583 പേരാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 7,745 പേരാണ് മരിച്ചത്. 

ഇന്നലെ മാത്രം രാജ്യമൊട്ടാകെ 9,985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി ദിവസവും 9,000-ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 274 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുന്നതിനിടയിൽ  രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്നത് ആശങ്കയുയർത്തുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്,ഡൽഹി, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.

മഹാരാഷ്ട്രയിൽ ഇതുവരെ 90,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസ് ബാധ ആദ്യമുണ്ടായ ചൈനയിലെ മൊത്തം രോഗികളുടെ എണ്ണത്തേക്കാൾ (84,638) വളരെ മുകളിലാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ മഹാരാഷ്ട്രയിലെ കണക്ക്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിൽ 51,000 കോവിഡ് രോഗബാധിതരാണുള്ളത്. ഈ സാഹചര്യത്തിലും സംസ്ഥാനത്ത് സമൂഹവ്യാപനമായിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ.

34,914 രോഗികളുമായി തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്തുള്ളത്. തമിഴ്നാട്ടിലെ ഡിഎംകെ എംഎൽഎയായ അൻപഴകൻ കൊറോണ ബാധ മൂലം മരണത്തിന് കീഴടങ്ങിയ സാഹചര്യമാണുള്ളത്. 31,309 രോഗികളുമായി രാജ്യതലസ്ഥാനമായ ഡൽഹി മൂന്നാം സ്ഥാനത്തുണ്ട്. ജൂലൈ അവസാനത്തോടെ ഡൽഹിയിലെ രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടക്കുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലും ബംഗാളിലും കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. രാജസ്ഥാനിൽ കോവിഡ് മരണം 250 കടന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ റെയിൽവേയിലെ രോഗബാധിതരുടെ എണ്ണം 16 ആയിട്ടുണ്ട്.