ക്ഷേത്രങ്ങളാക്രമിക്കുക, ശോഭയാത്രയിലേക്ക് ബോംബെറിയുക, മുസ്ലീങ്ങളാണെന്നു പറയുക, കലാപമുണ്ടാക്കുക: മലപ്പുറത്തെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല

single-img
5 June 2020

സംഘപരിവാർ കേന്ദ്രങ്ങൾക്ക് മലപ്പുറം ജില്ല എന്നും കണ്ണിലെ കരടാണ്. കാലങ്ങൾ കഴിഞ്ഞാലും അതിൽ മാറ്റമുണ്ടാകില്ല. പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനെതിരെ വ്യാജ- വിദ്വേഷ പ്രചാരണങ്ങളുമായി ഇവർ രം​ഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളും സത്യം മറച്ചുവെച്ച് മലപ്പുറത്തിനെതിരെ വിദ്വേഷപ്രചരണങ്ങളിൽ പങ്കെടുക്കുന്ന കാഴ്ചയും കാണുവാൻ കഴിയുന്നുണ്ട്. ആന കൊല്ലപ്പെട്ട സംഭവം നടന്നത് പാലക്കാടാണെന്നിരിക്കെ ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നുമായിരുന്നു ബിജെപി എംപി മനേ​ക ​ഗാന്ധിയുടെ വാദമുയർത്തിയത്. 

രാജ്യത്തെ ഏറ്റവും വലിയ സംഘർഷ ജില്ലയാണ് മലപ്പുറമെന്നും റോഡിൽ വിഷം ഒഴിച്ച് ഒറ്റയടിക്ക് നാനൂറോളം പക്ഷികളേയും നായ്ക്കളേയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവരെന്നും മനേ​ക ​ഗാന്ധി ഉറക്കെ വിളിച്ചു പറഞ്ഞു. അതേസമയം ആന ചരിഞ്ഞ സംഭവം ചുവപ്പ്- മുസ്ലീം കേന്ദ്രമായ മലപ്പുറത്താണെന്നാണ് കര്‍ണാടകയിലെ ഉഡുപ്പി ചിക്മംഗളൂര്‍ ബിജെപി എംപിയായ ശോഭ കരന്ദ്‌ലാജെ പ്രസ്താവനയിറക്കിയത്. 

ഇതാദ്യമായല്ല മലപ്പുറം ജില്ല സംഘപരിവാറിൻ്റെ  വിദ്വേഷ- വ്യാജ പ്രചരണങ്ങൾക്കിരയാകുന്നത്. മലപ്പുറം ജില്ലയുടെ രൂപീകരണം മുതൽ ഇത്തരം കാഴ്ചകൾ കാണുവാൻ കഴിയും. അന്നുമുതൽ ഹിന്ദുത്വ വര്‍ഗീയവാദികളും ദേശീയവാദികളായ മൃദു ഹിന്ദുത്വക്കാരും മലപ്പുറത്തിനെതിരെ പ്രസ്താവനാ വാളെടുക്കുന്നുണ്ട്. ഇത്തരത്തിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ അവസാനത്തേത് മാത്രമാണ് `ആനക്കാര്യം´. നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ മലപ്പുറം ജില്ലയ്ക് എതിരെ നടക്കുന്ന വിദ്വേഷപ്രചരണങ്ങളുടെ ഭാഗമായി ചൂണ്ടിക്കാണിക്കുവാൻ കഴിയും. 

2019 ആ​ഗസ്റ്റ് 30 ന് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള ഒരു ക്ഷേത്രത്തിലെ വി​ഗ്രഹങ്ങൾ തകർക്കുകയും ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജം എറിയുകയും ചെയ്ത സംഭവം കോളിളക്കമുണ്ടാക്കി. സംഘപരിവാർ പ്രവർത്തകർ വലിയ പ്രചരണമാണ് ഈ സംഭവത്തിനു നൽകിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ സംഘപരിവാർ പ്രവർത്തകനായ എടയൂർ സ്വദേശി രാമകൃഷ്ണൻ അറസ്റ്റിലാകുകയായിരുന്നു. കുറ്റം സമ്മതിച്ച  പ്രതിയ്ക്ക് എതിരെ സംഘപരിവാർ നേതാക്കളാരും രംഗത്തെത്തിയില്ലെന്നുള്ള കൗതുകകരമായ കാഴ്ചയ്ക്കും മലപ്പുറം അന്ന് വേദിയായി. 

സമാനമായ ഒരു സംഭവം 2017 മെയ് 25ന് നിലമ്പൂർ പൂക്കോട്ടുംപാടത്തിലെ ശ്രീവില്യോത്ത് ക്ഷേത്രത്തിലും നടന്നിരുന്നു. ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വി​ഗ്രഹങ്ങൾ തകർക്കുകയും ക്ഷേത്രത്തിൽ മലമൂത്ര വിസർജനം നടത്തുകയും ചെയ്തത് ഒരു കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തിൽ അറസ്റ്റിലായതാകട്ടെ രാജാറാം മോഹൻപോറ്റി എന്ന സംഘപരിവാർ അനുകൂലിയും. റംസാൻ  വ്രതാരംഭത്തിന്റെ തലേന്നു നടന്ന സംഭവത്തിൽ ഹിന്ദു ഐക്യവേദിയും ആർഎസ്എസും ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. മുസ്‌ലിം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രചരിപ്പിക്കുവാനും ഇവർ മുന്നിട്ടിറങ്ങി. 

എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതി അറസ്റ്റിലാവുകയായിരുന്നു. ഈ സമൂഹത്തിലെ ഏറ്റവും വലിയ പ്രത്യേകത ആർഎസ്എസ് കുപ്രചരണത്തിൽ വിശ്വസിക്കാതെ പൊലീസ് അന്വേഷണത്തിന് സഹായം നൽകി സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിച്ചത് പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ കമ്മിറ്റിക്കാരായിരുന്നു. പ്രതി പിടിയിലായതോടെ മലപ്പുറം ജില്ലയിലെ വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ അക്രമം നടത്തിയത് താനാണെന്നു കൂടി ഇയാൾ പൊലീസിനോടു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൻ്റെ പേരിൽ വലിയ വർഗ്ളഗീയ മുതലെടുപ്പിനാണ് സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിച്ചതെന്നുള്ള കാര്യവും വിസ്മരിച്ചുകൂട. 

മറ്റൊരു പ്രധാന സംഭവം നടക്കുന്നത് 1993 സെപ്തംബർ ആറിനാണ്. അന്ന് മൂന്നു മണിയോടെയാണ് താനൂരിലെ താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കേരളാദീശ്വരപുരം ആർഎസ്എസ് പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ സ്ഫോടനം നടന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ആർഎസ്എസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടയാൾ ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. സ്വാഭാവികമായും അന്വേഷണം ആരംഭിച്ചു. 

സംഭവത്തിൽ അറസ്റ്റിലായ മറ്റു ആർഎസ്എസ് പ്രവർത്തകരെ ചോദ്യം ചെയ്തതിനൊടുവിൽ കൊല്ലപ്പെട്ടയാൾ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് ആണെന്ന് തെളിഞ്ഞു. മറ്റുള്ളവരുടെ മൊഴിയിൽ ബോംബ് നിർമാണ വിദഗ്ദ്ധനായ ശ്രീകാന്ത് ബോംബ്‌ നിർമാണം പരിശീലിപ്പിക്കാനാണ് താനൂരിൽ എത്തിയതെന്നുള്ളതും വ്യക്തമായി. തുടർന്നുള്ള അന്വേഷണങ്ങളിലാണ് ബോംബ്‌ നിർമിച്ചത്‌ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക്‌ നേരെ എറിയാനായിരുന്നുവെന്നും ഗൂഢാലോചനയിൽ ലക്ഷ്യമിട്ടതെന്നുള്ള കാര്യം പുറത്തുവരുന്നത്. 

ഈ സംഭവത്തിലെ ഗൂഢാലോചന വെളിപ്പെട്ടപ്പോൾ അന്നത്തെ മലപ്പുറം എസ്പി ആയിരുന്ന ഉമ്മൻ കോശി പറഞ്ഞത് “മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു, അല്ലെങ്കിൽ മലപ്പുറം ജില്ല വർഗീയ കലാപത്തിൽ കത്തിയെരിയുമായിരുന്നു” എന്നായിരുന്നു. ഈ പ്രസ്താവന വലിയ വാർത്താപ്രാധാന്യമാണ് അന്ന് കേപരളീയ സമൂഹത്തിലുണ്ടാക്കിയത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കു നേരെ ബോംബെറിഞ്ഞ ശേഷം ഇത് ഇതര സമുദായങ്ങളുടെ തലയിൽ വയ്ക്കാനും കലാപമുണ്ടാക്കാനുമാണ് അന്ന് സംഘപരിവാർ ശ്രമിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. 

ഇത്തരത്തിൽ നിരവധി സംഭവങ്ങൾക്കും പ്രസ്താവനകൾക്കും വേദിയായിട്ടുണ്ട് മലപ്പുറം. മലപ്പുറത്തേക്ക് കേന്ദ്ര സേനയെ വിളിക്കണമെന്നും അവിടം  ഇസ്‌ലാമിക്‌ സ്റ്റേറ്റിന്റെ കേന്ദ്രമായി മലപ്പുറം മാറിയെന്നും പറഞ്ഞത് മറ്റാരുമല്ല.  ബിജെപി എംപിയായ ഡോ. സുബ്രഹ്മണ്യം സ്വാമിയാണ്. പട്ടാളത്തെ ഇറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമായിരുന്നു സ്വാമി മാധ്യമങ്ങളോടു പറഞ്ഞത്. മലപ്പുറം എന്ന ജില്ല മുഴുവന്‍ കുപ്രസിദ്ധമായ അഫ്‌സ്പ നിയമം നടപ്പാക്കണമെന്നുള്ള ആവശ്യവും സ്വാമി നിരവധി തവണ മുന്നോട്ടു വച്ചിട്ടുണ്ട്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോൾ മലപ്പുറത്തെ മിനി പാകിസ്താനെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. പൗരത്വ നിയമത്തെ അനുകൂലിച്ചതിനാൽ ഒരു കോളനിയിലെ ജനങ്ങൾക്ക് മലപ്പുറത്തെ മുസ്‌ലിംകള്‍ കുടിവെള്ളം നിഷേധിച്ചെന്നുള്ള പ്രചരണവും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുണ്ടായി. കർണ്ണാടകയിലെ ബിജെപി എംപിയായ ശോഭ കരന്ദ്‌ലാജെയായിരുന്നു ഈ വ്യാജപ്രചരണം നടത്തിയതും പടർത്തിയതും. ഇത്തരത്തിൽ മലപ്പുറം ജില്ലയ്ക്ക് എതിരെ നിരവധി നീക്കങ്ങളും പ്രചരണങ്ങളുമാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടുള്ളത്. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നതും അതിൻ്റെ ഭാഗം തന്നെയാണ്. എന്നാ്ൽ ഇത് അവസാനത്തേതല്ല എന്നുള്ള വസ്തുത തീർച്ചയാണ്. കേരളത്തെ തകർക്കാൻ ഇത്തരത്തിലുള്ള വർഗ്ഗീയ പരാമർശങ്ങൾക്കു കഴിയുമെന്നുള്ള മിഥ്യാധാരണ ഈ ശക്തികളെ ഭരിക്കുന്നിടത്തോളം കാലം ഇതു തുടർന്നുകൊണ്ടേിരിക്കും.