പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളും എത്തി; ഇന്ത്യ- ചൈന അതിർത്തിയിൽ യുദ്ധസമാന തയ്യാറെടുപ്പുകൾ

single-img
1 June 2020

ഒരു വശത്ത് തീവ്രമായി പ്രശ്നപരിഹാരത്തിനായി ശക്തമായ ശ്രമങ്ങൾ നടക്കുമ്പോഴും മറുഭാഗത്ത് അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ച് ഇന്ത്യയും ചൈനയും യുദ്ധ സമാന തയ്യാറെടുപ്പില്‍. കരസേനയുടെ ശക്തിയായ പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് ഇപ്പോള്‍ കിഴക്കൻ ലഡാക്കിൽ ഉള്ളത്.

ഇന്ത്യയും ചൈനയും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് 25 വർഷത്തിനു മുകളിലായിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്‌ട്ര- ദേശീയ തലങ്ങളിലും സൈനിക, നയതന്ത്ര തലത്തിലും അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സൈനിക നടപടിയിലേക്ക് ഇരുസേനകളും നീങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

ചൈനീസ് സൈനികര്‍ പീരങ്കികളും ഇൻഫൻട്രി കോംപാക്ട് വാഹനങ്ങളും മറ്റു വലിയ സൈനിക ഉപകരണങ്ങളും യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വളരെ വേഗത്തിലാണ് എത്തിക്കുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ ഭരണ നേതൃത്വവും അവിടേക്ക് അധിക സേനയെ അയച്ചിട്ടുണ്ട്. ചൈന നടത്തുന്ന സേനാവിന്യാസത്തിനു കിടപിടിക്കുന്നതിനു തുല്യമായ സന്നാഹങ്ങൾ തന്നെയാണ് ഇന്ത്യയും നടത്തുന്നത്.

നിലവില്‍ പ്രക്ഷുബ്ദ അവസ്ഥയിലുള്ള പാംഗോങ്ങില്‍ പൂർവസ്ഥിതി വരുത്തുന്നതുവരെ ഇന്ത്യ യാതൊരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണ് കരുതപ്പെടുന്നത്. പ്രശനം നിലനില്‍ക്കുന്ന മേഖലയിൽ ശക്തമായ വ്യോമനിരീക്ഷണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ചൈനയുടെ സൈന്യം എത്രയും പെട്ടെന്ന് മേഖലയിൽനിന്ന് പിന്മാറണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യം ഉയര്‍ത്തി.