തൊണ്ണൂറുകളുടെ നൊസ്റ്റാൾജിയയുടെ ബാറ്റൺ ഇനി മില്ലേനിയം കിഡ്സിന് കൈമാറാം: ഇത് ടിക്ടോക് കാലം

single-img
13 May 2020

ടിക്ടോക്കിനെ കുറിച്ചുള്ള ആശങ്കകളും ആകുലതകളും സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുന്ന ഒരു സമയമാണ്. കണ്ണടച്ച് തുറക്കും മുൻപ് രാജ്യം മുഴുവൻ ഇത്രയേറെ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമായി മാറാൻ മറ്റൊരു സോഷ്യൽ മീഡിയക്കും കഴിഞ്ഞിട്ടില്ല. ഈ ലോക്ക്ഡൗൺ സമയം ടിക്ടോക്കിനെ ഒന്നുകൂടെ പോപ്പുലർ ആക്കിയിട്ടുണ്ട്. അത്തരമൊരു സന്ദർഭത്തിൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ സ്വാഭാവികം മാത്രം. ഈ വിഷയത്തിൽ എന്റെ ചില നിരീക്ഷണങ്ങൾ കുറിക്കുകയാണ്.

ടിക്ടോക് ഇത്രക്ക് ജനകീയമാക്കിയതിന് പിന്നിലെ കാരണങ്ങൾ ഏറെയാണ്. ജിയോ വിപ്ലവത്തിന് ശേഷം ഉണ്ടായ മൊബൈൽ ഡാറ്റ ഉപയോഗം കുത്തനെ വർധിച്ചത്, ഉപയോഗിക്കാനുള്ള എളുപ്പം, മറ്റെല്ലാ സോഷ്യൽ മീഡിയയെക്കാളുമുള്ള എന്റർടെയിന്മെന്റ്‌ ഫാക്ടർ, അങ്ങനെ കുറേ ഘടകങ്ങൾ. അതിൽ തന്നെ വളരെ പോസിറ്റീവായ മറ്റൊരു ഘടകം അത്രയും കാലം വിസിബിലിറ്റി ഇല്ലാതിരുന്ന സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ടിക്ടോക്ക് വിസിബിലിറ്റി സാധ്യമാക്കി എന്നതാണ്. വീട്ടമ്മമാർ, കൂലിപ്പണിക്കാർ, സോകോൾഡ് സൗന്ദര്യശാസ്ത്രത്തിന്റെ പുറത്ത് നിൽക്കുന്ന യുവതീയുവാക്കൾ അങ്ങനെ ഒരുപാട് പേരാണ് ഈ മാധ്യമത്തിലൂടെ പ്രേക്ഷകരെ കണ്ടെത്തുന്നത്.

തങ്ങളുടെ വിശ്രമ സമയങ്ങൾ എല്ലാം എന്തെങ്കിലും ക്രിയേറ്റീവ് ആശയങ്ങൾ കൊണ്ട് ടിക്ടോക്കിൽ വീഡിയോ ചെയ്തിടുന്ന ധാരാളം പേർ വരാൻ തുടങ്ങി. കയറ്റിറക്ക് തൊഴിലാളികൾ, പെയിന്റർമാർ, തട്ടുകട നടത്തുന്ന സ്ത്രീകൾ, അങ്ങനെ തുടങ്ങി അടിസ്ഥാന വർഗ്ഗത്തിൽ പെടുന്ന എത്രയോ പേരാണ് ടിക്ടോക്ക് വന്നതിന് ശേഷം വീഡിയോ ചെയ്ത് ഹിറ്റാവുകയും, താരങ്ങളായി മാറുകയും ചെയ്തത്.

@kunjan_lachutty17

കിച്ചാപ്പി അല്ല ചേട്ടാ…ഇച്ചാപ്പിയാ…😆@rahulkukkuzkukku #lachutteede_ichaappikuttan #kunjan_lachutty

♬ original sound – @rahulkukkuzkukku – @rahulkukkuzkukku

ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങി മറ്റെല്ലാ സോഷ്യൽ മീഡിയയിലും എന്ത് കാണണം വായിക്കണം എന്നത് നമ്മുടെ തെരഞ്ഞെടുപ്പ് ആകുമ്പോൾ, ടിക്ടോക്കിൽ അങ്ങനെയല്ലാതെ റാൻഡമായി സകല വീഡിയോയും നമ്മുടെ മൊബൈൽ സ്ക്രീനിലെത്തുകയാണ്. ഒരേസമയം ഫോളോ ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കുകയും , അത് ചെയ്യാതെതന്നെ മുകളിലേക്ക് ഒന്ന് സ്ക്രോൾ ചെയ്ത് കൊടുത്താൽ അടുത്ത വീഡിയോ വരാനുള്ള സൗകര്യം ഉണ്ടാകുകയും ചെയ്തത് ആളുകളെ കയ്യിലെടുക്കുക തന്നെ ചെയ്തു. ഏതൊരാൾക്കും ഉപയോഗിക്കാനുള്ള ഈ എളുപ്പം ഉണ്ടാക്കിയത് വൻ മാറ്റങ്ങൾ തന്നെ ആയിരുന്നു.

@suneeshkd

#LDF#CPIM #DYFI #SFI സഖാവ് പിണറായി വിജയന്റെ വാക്കുകൾ പിണറായി ഇഷ്ട്ടം സഖാവ് 💪💪💪

♬ original sound – vyshakthulasivysh

ടിക്ടോക്ക് എന്നൊരു പ്ലാറ്റ്ഫോമില്ലായിരുന്നു എങ്കിൽ ഒരിക്കലും പുറത്തേക്ക് വരാൻ സാധ്യത ഇല്ലാതിരുന്ന ഒരുപാട് പേരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറാൻ ടിക്ടോക്കിന് സാധിച്ചു. ഉദാഹരണത്തിന് ടിക്ടോക്കിലെ താത്ത എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്ത്രീയുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് പോയി ജീവിക്കുന്ന അവരുടെ ലൈവ് കാണാൻ ആയിരത്തോളം പേരാണ് ഓരോ ദിവസവും ഉണ്ടാവുക. മറ്റൊരു പ്ലാറ്റ്ഫോമിൽ സാധ്യമാകുന്ന കാര്യമാണിതെന്ന് തോന്നുന്നില്ല.

എന്നാൽ സർവ്വർക്കും ഒരുപോലെ വിസിബിലിറ്റി കിട്ടുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമൊന്നുമല്ല. മുഖ്യധാരക്ക് പുറത്ത് നിൽക്കുന്നവർ ലൈം ലൈറ്റിലേക്ക് വരുന്നത് വരേണ്യർക്ക് സഹിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വരുന്നവർ, കറുത്തവർ, ദളിതർ തുടങ്ങിയവർ മറ്റുള്ളവർ ചെയ്യുന്നതുപോലെയുള്ള വീഡിയോകൾ ചെയ്യുന്നതിന് താഴെ വരുന്ന കമന്റുകൾ നോക്കിയാൽ മതി. “ചെരിപ്പിട്ട് ഭരതനാട്യം സ്റ്റെപ്പ് കളിച്ചു” എന്നൊക്കെപ്പറഞ്ഞ് ചീത്ത പറയുന്ന കമന്റുകളിൽ നിന്ന് ആ അസ്വസ്ഥതകൾ വായിച്ചെടുക്കാം. അതിന്റെ തുടർച്ചയായാണ് “ടിക്ടോക്ക് കൊള്ളില്ല, അതൊരു ‘ലോ ക്ലാസ്’ സംഗതിയാണ്” എന്നൊക്കെയുള്ള കുറ്റം പറച്ചിലുകൾ മറ്റു സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

മറ്റൊരു പ്രശ്നമായി ചർച്ചകളിൽ കാണുന്നത് ‘ഇപ്പോഴത്തെ പിള്ളേർ എന്തൊക്കെയാണ് ഈ കാണിച്ച് കൂട്ടുന്നത്, ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് നിൽക്കും’ എന്ന ആകുലതയാണ്. ഇത് ലോകം ഉണ്ടായ കാലം മുതൽക്കേ ഉള്ളൊരു ക്ലാസിക്ക് പ്രശ്നമാണ്. പുതിയ തലമുറയിൽ കൊള്ളാവുന്ന ആരുമില്ലെന്നും, അവരൊക്കെ എന്താണ് കാണിച്ച് കൂട്ടുന്ന ആശങ്ക. പ്രായം കൂടിയിരിക്കുന്നു എന്നും നമ്മൾ ഒരു തലമുറ മുന്നിലെത്തിയിരിക്കുന്നു എന്നുമാണ് ഈയൊരു തോന്നലിന്റെ അർത്ഥം. പ്രായഭേദമന്യേ എല്ലാവർക്കും ഉണ്ടാകാവുന്നതും, നമ്മുടെ നാട്ടിൽ മിക്കവാറും പേർക്ക് ഉള്ളതുമായ ഒരു സംഗതിയാണ് ഈ ‘അമ്മാവൻ സിൻഡ്രോം’. എനിക്ക് ശേഷം പ്രളയം എന്നതിന്റെ ഒരു ചെറിയ വേർഷൻ.

@muthu_kuttan

ക്ലാസ്സിൽ കിടന്ന് വഴക്കുണ്ടാക്കിയതിന് Staffroom ൽ കൊണ്ടുപോയി പാട്ട് പാടിപ്പിച്ചതാ ഇനി Suspension ഉറപ്പായി. #ChampiBeats #BigBillionStar #trending

♬ original sound – varun_cp

“ഞാൻ പഠിച്ചിരുന്ന കാലത്തെ കോളേജ് ആണ് മോനേ കോളേജ്, ഇപ്പോഴത്തെ കാമ്പസുകൾ ഒക്കെ എന്തിന് കൊള്ളാം” എന്ന ഉറച്ച വിശ്വാസത്തിൽ നടക്കുന്നവർ. ഇത് പ്രായമുള്ളവർക്ക് മാത്രമുള്ള തോന്നൽ ഒന്നുമല്ല കേട്ടോ, അടുത്തയാഴ്ച പ്ലസ്‌ടു പരീക്ഷ എഴുതാൻ പോകുന്നവനെ വിളിച്ച്, എങ്ങനെ ഉണ്ടെടാ ഇപ്പോഴത്തെ പത്താംക്ലാസിലെ കുട്ടികൾ എന്ന് ചോദിച്ചാലും കേൾക്കാം, ഇപ്പോഴത്തെ പത്താംക്ലാസ് ഒക്കെ എന്ത്, ഞങ്ങടെ ബാച്ച് ആയിരുന്നു കിടു എന്ന്.

ഇത് സ്‌കൂളിന്റെ/കോളേജിന്റെ കാര്യത്തിൽ മാത്രമൊന്നുമല്ല, സർവ്വ മേഖലകളിലും ഇത് കാണാം. പുതിയ ഒരു കാര്യത്തെ അംഗീകരിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ മടിയിൽ നിന്നാവണം ആളുകൾക്ക് ഈയൊരു പുച്ഛം വരുന്നത്. സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിലും സോഷ്യൽ മീഡിയയുടെ കാര്യത്തിലും ഒക്കെ ഈ സംഗതി വർക്ക് ചെയ്യുന്നുണ്ട്. ഫോട്ടോഷോപ്പ് CS4 ന് ശേഷം അതിലും മികച്ചത് ഇനി വരാനില്ല എന്നും പറഞ്ഞ് അപ്‌ഡേറ്റ് ചെയ്യാതെ അതുതന്നെ ഉപയോഗിക്കുന്ന ആളുകളെ കാണാം. ഓർക്കുട്ടിനെ വെല്ലാൻ ഫേസ്ബുക്കോ, അതൊന്നും നടക്കാൻ പോണില്ല എന്നായിരുന്നു പഴയ ഓർക്കുട്ട് ഗ്രൂപ്പ് ചർച്ചകളിലെ ഒരു കൺക്ലൂഷൻ. എന്നിട്ടെന്തായെന്ന് അറിയാമല്ലോ?

അതുപോലെയാണ് ടിക്ടോക്കിന്റെ കാര്യവും. അവിടെയുള്ള ഭൂരിപക്ഷം 2000 ത്തിന് ശേഷം ജനിച്ചവരാണ്. രണ്ട് തലമുറകൾ തമ്മിലുള്ള അന്തരം ഒരു പ്രശ്നം തന്നെയാണല്ലോ. ഞായറാഴ്ചകളിൽ ശക്തിമാൻ കണ്ടവരുടെ നൊസ്റ്റാൾജിയ പോസ്റ്റുകൾ എഫ്ബിയിലെ ഷുവർ ഹിറ്റ് പോസ്റ്റുകളിൽ ഒന്നായിരുന്നു, അത് ഡോറബുജി കണ്ടവരിലേക്ക് മാറുകയാണ്. 20 വർഷം മുൻപ് എന്ന് പറഞ്ഞാൽ 1980 അല്ല, 2000 ആണെന്ന സത്യം അംഗീകരിക്കാൻ അല്പം പ്രയാസം കാണുമെങ്കിലും അതാണ് സത്യം. നൈന്റീസ് കിഡ്സ് ബാറ്റൻ അടുത്ത തലമുറക്ക് കൈമാറേണ്ട സമയമാണ്.

ഇത്രയേറെ പോപ്പുലർ ആയൊരു മീഡിയം പൊളിറ്റിക്കലി ഉപയോഗിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. മറ്റേതൊരു രാഷ്ട്രീയ പാർട്ടിക്കാർ അവിടെ എത്തുന്നതിന് മുൻപേ അവിടം “ഏ കച്ച് വാ” ടീം കയ്യേറിയിരുന്നു. തുടക്കം മുതൽക്കേ ഗണഗീതവും കുറുവടി കസർത്തും മാസ് ബിജിഎമ്മിൽ അവിടെ ഓടുന്നുണ്ട്.

കഴിഞ്ഞയാഴ്ച കണ്ട ഒരു വീഡിയോ ഇങ്ങനെ,
പത്രമിടാൻ വന്ന ആളോട് വീട്ടുകാരൻ: “സുരേഷേ നാളെ തൊട്ട് ഈ പാർട്ടി പത്രം ഇവിടെ ഇടേണ്ട”
സുരേഷ്: “അതെന്താ സഖാവേ, സംഘിയായോ?”
വീട്ടുകാരൻ: “സംഘി ആയതല്ലെടാ, സഖാവ് ഹിന്ദുവായി”

(കിടിലൻ മാസ് ബിജിഎം) വെറും 15,20 സെക്കന്റ്. വീഡിയോ വൻ ഹിറ്റ്.

ഇങ്ങനത്തെ എത്രയോ വീഡിയോകളാണ് പ്രചാരത്തിൽ ഉള്ളത്. ആദ്യം പറഞ്ഞ റാൻഡം വ്യൂ അപകടമാവുന്നത് ഇത്തരം കേസുകളിലാണ്, എഫ്ബിയിലൊരിക്കലും സാധിക്കാത്തത്ര ഓഡിയൻസിനെ സംഘപരിവാറിന് കിട്ടുകയാണ്. ഇവയെ പ്രതിരോധിക്കാൻ തക്ക കണ്ടന്റുള്ള വീഡിയോസ് കുറച്ചൊക്കെ കാണാം, എങ്കിലും താരതമ്യേനെ കുറവാണ് എന്ന് തന്നെ പറയേണ്ടി വരും.

ലൈവായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് തിരിച്ചറിഞ്ഞ ബോളിവുഡ് താരങ്ങൾ, മറ്റു സിനിമാക്കാർ, ക്രിക്കറ്റ് താരങ്ങൾ ഒക്കെ ആദ്യമേ ടിക്ടോക്കിൽ എത്തിയിട്ടുണ്ട്. മന്ത്രി ഷൈലജ ടീച്ചർ, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്കൊക്കെ ടിക്ടോക്ക് പേജുകൾ ആക്ടീവാണ്. (വേറെയും രാഷ്ട്രീയക്കാർ ഉണ്ടാവണം, ശ്രദ്ധയിൽ പെട്ടിട്ടില്ല.)

@vava_here

#duet with @amayachinjuz നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ #lalsalam #kattankappi #cpim #dyfi #sfi 💪🏻❤️

♬ original sound – ozusirfus

ഇതിന്റെയൊക്കെ ഒപ്പമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏവരും വിമർശിക്കുന്ന കലിപ്പന്റെ കാന്താരി വീഡിയോസ് ഒക്കെ വരുന്നത്. ഡിമാൻഡ് സപ്ലൈ കൂട്ടുമെന്ന സിംപിൾ തിയറിയാണ്. അതിനാണ് മാർക്കറ്റ്. പാട്രിയാർക്കിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന നമ്മുടെ സമൂഹത്തിൽ ഫോണ് എടുക്കാൻ വൈകിയതിന് മോന്തക്കിട്ട് തല്ലുന്ന കാമുകന് കയ്യടി കിട്ടുന്നത് സ്വാഭാവികം മാത്രം. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ തീയറ്ററിൽ കണ്ട സിനിമകളിലൊന്ന് മായാമോഹിനി ആണെന്നതിൽ അത്ഭുതം ഒന്നുമില്ലെങ്കിൽ, ഇമ്മാതിരി വഷളൻ വീഡിയോകൾക്ക് ആരാധകർ ഉള്ളതിലും അത്ഭുതം ഒന്നും തോന്നേണ്ടതില്ല. ഈ പറയുന്നത് അതിലെ സ്ത്രീവിരുദ്ധമായ, കണ്ടാൽ തന്നെ അറപ്പ് തോന്നുന്ന കണ്ടന്റുകൾക്ക് ന്യായീകരണമായല്ല, സ്വാഭാവികത ചൂണ്ടിക്കാണിച്ചതാണ്. അതിനെ വിമർശിക്കുക തന്നെ വേണം.

ഫേസ്ബുക്കിലും ട്വിറ്ററിലും അതിലും മോശമായ ഐഡികളും പോസ്റ്റുകളും ഒക്കെ ഉണ്ടെങ്കിലും നമ്മൾ എക്കോചേമ്പറിന്റെ അകത്തായത് കൊണ്ട് കാണാത്തതാണെന്നത് മറ്റൊരു കാര്യം. സിസ്റ്റത്തെ മാറ്റാൻ അതിനകത്ത് കയറി മാറ്റുകയാണ് വേണ്ടതെന്ന് പറയാറുള്ളത് പോലെ,നല്ല കണ്ടന്റുകൾ കൂടുതൽ വരാൻ ക്രിയേറ്റീവ് ആയ കൂടുതൽ പേർ ആക്റ്റീവ് ആവുക, അവരെ പ്രോത്സാഹിപ്പിക്കുക ഒക്കെത്തന്നെയേ വഴിയുള്ളൂ.